വ്‌ളാദിമിര്‍ പുടിന്‍ | PHOTO: WIKI COMMONS
പ്രിഗോഷിന്റെ മരണം: പ്രതികരിച്ച് പുടിന്‍; ദുരൂഹത തുടരുന്നു
വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവ്‌ഗെനി പ്രിഗോഷിന്റെ മരണത്തില്‍ 24 മണിക്കൂറുകള്‍ക്കുശേഷം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പ്രതികരിച്ചു. ജീവിതത്തില്‍ ഗുരുതരമായ പിഴവുകള്‍ പറ്റിയെങ്കിലും കഴിവുള്ള വ്യക്തിയായിരുന്നു പ്രിഗോഷിന്‍ എന്ന് പുടിന്‍ പറഞ്ഞു. വിമാനാപകടത്തില്‍ മരണപ്പെട്ട 10 പേരുടെ കുടുംബങ്ങളെയും തന്റെ അനുശോചനം അറിയിക്കുന്നതായും പുടിന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഓഗസ്റ്റ് 23 ന് വടക്കന്‍ മോസ്‌കോയില്‍ നിന്ന് സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലേക്ക് ഏഴ് യാത്രക്കാരും മൂന്നു ജീവനക്കാരുമായി പോയ വിമാനം തകര്‍ന്നു വീണാണ് പ്രിഗോഷിന്‍ മരിച്ചത്. മോസ്‌കോയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ തിവീര്‍ പ്രവിശ്യയിലാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
അപകടം ദുരൂഹം
പ്രിഗോഷിന്‍ സഞ്ചരിച്ച സ്വകാര്യ ജെറ്റ് വിമാനം എങ്ങനെയാണ് അപകടത്തില്‍പ്പെട്ടതെന്ന് ഇനിയും വ്യക്തമല്ല. വിമാനം തകര്‍ന്നു വീണതാണെന്നാണ് റഷ്യന്‍ ഭരണകൂടം പറയുന്നത്. എന്നാല്‍, പ്രഗോഷിന്‍ സഞ്ചരിച്ചിരുന്ന വിമാനം വ്യോമപ്രതിരോധ വിഭാഗം വെടിവച്ചിടുകയായിരുന്നുവെന്ന ആരോപണവുമായി വാഗ്‌നര്‍ ഗ്രൂപ്പും രംഗത്തുവന്നിട്ടുണ്ട്.
ഫ്ളൈറ്റ് ട്രാക്കിങ് ഡാറ്റയനുസരിച്ച് 30 സെക്കന്റിനുള്ളില്‍ വിമാനം 28,000 അടി ഉയരത്തില്‍ നിന്നും 8,000 അടിയോളം താഴ്ചയിലേക്ക് പതിച്ചു. തകര്‍ച്ചയുടെ തൊട്ടുമുമ്പു വരെ വിമാനത്തിന് സാങ്കേതികമായി തകരാറുകളൊന്നുമില്ലായിരുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്. സംഭവത്തില്‍ റഷ്യ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രിഗോഷിന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതില്‍ അത്ഭുതമില്ലെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അറിയാതെ ഒന്നും സംഭവിക്കില്ലെന്നും ബൈഡന്‍ പറഞ്ഞിരുന്നു. തണുപ്പിച്ച് വിളമ്പുന്ന വിഭവമാണു പ്രതികാരമെന്നു കരുതുന്നയാളാണു പുടിനെന്നു യുഎസ് ചാരസംഘടനയായ സിഐഎ യുടെ മേധാവി വില്യം ബേണ്‍സ് ആരോപിച്ചു.
2000 ത്തില്‍ പുടിന്‍ പ്രസിഡന്റായി അധികാരമേറ്റതു മുതല്‍ നിരവധി പ്രമുഖരാണ് ദുരൂഹസാഹചര്യങ്ങളില്‍ മരണപ്പെട്ടത്. പുടിന്റെ നേതൃത്വത്തിനു വെല്ലുവിളിയാകുമെന്നു കരുതപ്പെട്ടിരുന്ന ജനപ്രിയ ഗവര്‍ണര്‍ ജനറല്‍ അലക്‌സാണ്ടര്‍ ലെബെഡ് 2002 ല്‍ ഒരു ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. പ്രതിപക്ഷ നീക്കങ്ങള്‍ക്കു ധനസഹായം നല്‍കുകയും ലണ്ടനില്‍ അഭയം തേടുകയും ചെയ്ത ബോറിസ് ബെറെസോവ്‌സ്‌കി ദുരൂഹസാഹചര്യത്തില്‍ മരിച്ചതു 2013 ലാണ്. മുന്‍ചാരന്മാരായ അലക്‌സാണ്ടര്‍ ലിറ്റ്‌വിന്‍കോ 2006 ലും സെര്‍ജി സ്‌ക്രിപാല്‍ 2018 ലും ബ്രിട്ടനില്‍ കൊല്ലപ്പെട്ടു.
പുടിന്റെ വിശ്വസ്തന്‍
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ വിശ്വസ്തനായിരുന്നു പ്രിഗോഷിന്‍. പുടിന്റെ നഗരമായ സെന്റ് പീറ്റേഴ്സ് ബര്‍ഗിലാണ് പ്രിഗോഷിന്റെയും ജനനം. കുട്ടിക്കാലത്തെ തന്നെ അടിപിടി, മോഷണം, ഗുണ്ടായിസം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ വഴിയെ സഞ്ചരിച്ച പ്രിഗോഷിന്‍ 18-ാം വയസ്സില്‍ ജയിലിലായി. വീണ്ടും കുറ്റകൃത്യങ്ങളുടെ വഴി സഞ്ചരിച്ച് ഒമ്പതു വര്‍ഷം പിന്നെയും ജയില്‍ശിക്ഷ അനുഭവിച്ചു.
പുതിയ മനുഷ്യനായി ജീവിതം തുടങ്ങിയ പ്രിഗോഷിന്‍ 1990 ല്‍ സെന്റ് പീറ്റേഴ്സ് ബര്‍ഗ് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്വന്തമായൊരു റെസ്റ്റോറന്റ് ആരംഭിച്ചു. ഈ വേളയിലാണ് പുടിനുമായി അടുക്കുന്നത്. 2000 ല്‍ പുടിന്‍ റഷ്യന്‍ പ്രസിഡന്റ് ആയതോടെ പ്രിഗോഷിന്‍ പുടിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനുമായി. 2014 ല്‍ യുക്രൈനിലെ ക്രിമിന പെനിന്‍സുലയില്‍ നടന്ന പോരാട്ടത്തിലാണ് പ്രിഗോഷിന്റെ കൂലിപ്പടയായ വാഗ്‌നര്‍ ഗ്രൂപ്പിന്റെ ഉദയം. 250 പേരുമായി തുടങ്ങിയ സംഘം എട്ട് വര്‍ഷംകൊണ്ട് 50,000 ത്തിലേറെ പേരുള്ള വലിയ ഗ്രൂപ്പായി മാറി. 2022 ലെ കണക്കനുസരിച്ച് 50,000 പേരാണ് യുക്രൈനെതിരെ പോരാടാന്‍ വാഗ്‌നര്‍ ഗ്രൂപ്പില്‍ അണിനിരന്നത്.
യുദ്ധത്തില്‍ വാഗ്‌നര്‍ സംഘത്തിന് ആള്‍ നാശമടക്കം നേരിട്ടതോടെ പ്രിഗോഷിന്‍ റഷ്യന്‍ സൈന്യത്തിനെതിരെ തിരിയുകയായിരുന്നു. യുദ്ധമുഖത്ത് പോരാടാന്‍ വേണ്ടത്ര വെടിക്കോപ്പുകളും ആയുധങ്ങളും നല്‍കാതെ പട്ടാളക്കാരെ മരിക്കാന്‍ വിടുകയാണെന്നായിരുന്നു ആരോപണം. റഷ്യന്‍ സൈനികനേതൃത്വത്തിനും പ്രതിരോധമന്ത്രാലയത്തിനുമെതിരെ പ്രിഗോഷിന്‍ പരസ്യവിമര്‍ശനവും ഉയര്‍ത്തിയിരുന്നു. ഇത് ഇരു സേനകളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്കും കാരണമായിരുന്നു.