സിദ്ധാര്‍ഥന്റെ മരണം; വെറ്ററിനറി സര്‍വകലാശാല വി സിയെ സസ്‌പെന്‍ഡ് ചെയ്തു
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ജെ എസ് സിദ്ധാര്‍ഥന്റെ മരണത്തില്‍ ഗവര്‍ണറുടെ നിര്‍ണായക നടപടി. വെറ്ററിനറി സര്‍വകലാശാല വി സി എം ആര്‍ ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തു. സിദ്ധാര്‍ഥന്റെ മരണം ഗൗരവമായി കാണുന്നുവെന്നും സര്‍വകലാശാല ചാന്‍സലര്‍ എന്ന തന്റെ പദവി ഉപയോഗിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചാണ് ഗവര്‍ണറുടെ നടപടി. വൈസ് ചാന്‍സലര്‍ സിദ്ധാര്‍ഥന്റെ മരണത്തില്‍ വേണ്ട ഇടപെടലുകള്‍ നടത്തിയില്ലെന്ന് ഗവര്‍ണര്‍ ഉത്തരവില്‍ സൂചിപ്പിച്ചു.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു. റാഗിങ് എന്ന രീതിയില്‍ വിഷയത്തെ ചുരുക്കാനാവില്ലെന്നും ആള്‍ക്കൂട്ട കൊലപാതകമാണ് നടന്നിരിക്കുന്നതെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. കൊലപാതകമാണെന്ന് തെളിയിക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെന്നും ഗുരുതരമായ സംഭവം നടന്നിട്ട് അധികൃതര്‍ അറിയാതെ പോയത് കടുത്ത അനാസ്ഥയാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം
സര്‍ക്കാരിനും എസ്എഫ്‌ഐക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് ഗവര്‍ണര്‍ ഉയര്‍ത്തുന്നത്. സര്‍വകലാശാലകളിലെ ഹോസ്റ്റലുകള്‍ എസ്എഫ്‌ഐ ഏറ്റെടുക്കുകയാണെന്നും അധികൃതര്‍ പോലും അവിടെ പ്രവേശിക്കാന്‍ മടിക്കുന്നുവെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. കഴിഞ്ഞദിവസം സിദ്ധാര്‍ഥന്റെ വീട് ഗവര്‍ണര്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ നടപടി.
വിഷയത്തില്‍ വി സി നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടും തുടര്‍ തീരുമാനങ്ങളൊന്നും തന്നെ ഉണ്ടായില്ല, വിസി ചെയ്യേണ്ട കാര്യം ചെയ്യാത്തതുകൊണ്ടാണ് സസ്‌പെന്‍ഷന്‍ ഉണ്ടായിരിക്കുന്നത്, അതിനാല്‍ നടപടിയില്‍ തൃപ്തിയുണ്ടെന്ന് സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശ് പ്രതികരിച്ചു. സംഭവത്തിന് കൂട്ടുനിന്നെന്ന് ആരോപിക്കപ്പെടുന്ന ഹോസ്റ്റല്‍ വാര്‍ഡനും ഡീനിനുമെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ഇതോടെ ശക്തമാകുന്നുണ്ട്.
അതേസമയം സിദ്ധാര്‍ഥന്റെ മരണത്തില്‍ മൂന്ന് പേര്‍ കൂടി പിടിയിലായി. പത്തനംതിട്ട സ്വദേശിയായ അജയ്, കൊല്ലം സ്വദേശികളായ കാശിനാഥന്‍, അല്‍ത്താഫ് എന്നിവരാണ് പിടിയിലായത്. കേസിലെ മുഖ്യ പ്രതികളിലൊരാളായ സിന്‍ജോ ജോണ്‍സണെയും പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു.