ജെ സി സിദ്ധാര്‍ഥ് | PHOTO: WIKI COMMONS
സിദ്ധാര്‍ഥന്റെ മരണം; കേസ് അന്വേഷണം സിബിഐക്ക്
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ കേസ് അന്വേഷണം സിബിഐക്ക് വിട്ടു. സിദ്ധാര്‍ഥന്റെ പിതാവും ബന്ധുക്കളും ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ ഓഫീസിലെത്തി കണ്ട് സംസാരിച്ചിരുന്നു. തുടര്‍ന്ന് കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിവേദനവും സിദ്ധാര്‍ഥന്റെ മാതാവ് മുഖ്യമന്ത്രിക്ക് നല്‍കി. കുടുംബത്തിന്റെ വികാരം മാനിച്ചാണ് കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേസില്‍ പൊലീസ് അന്വേഷണം നടന്നുവരികയാണ്. കുറ്റമറ്റതും നീതിപൂര്‍വകവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഇതിനകംതന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും കുടുംബം ഈ കേസ് സിബിഐക്ക് വിടണം എന്ന് ആവശ്യം ഉന്നയിക്കുകയായിരുന്നു.
മരണത്തില്‍ സിബിഐ അന്വേഷണം നടത്താമെന്നു മുഖ്യമന്ത്രി പിതാവിന് ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെഎസ്‌യു സംഘടനകള്‍ തിരുവനന്തപുരത്ത് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആറുദിവസം നീണ്ട സമരം താല്‍ക്കാലികമായി അവസാനിപ്പിക്കുകയാണെന്നും സിബിഐ അന്വേഷണമെന്ന ഉറപ്പ് പാലിച്ചില്ലെങ്കില്‍ വീണ്ടും ശക്തമായ സമരത്തിന് തയ്യാറാകുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.