സിദ്ധാര്‍ത്ഥന്റെ മരണം; സിബിഐ അന്വേഷണം വേണമെന്ന് വി ഡി സതീശന്‍
പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐ-യെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് സതീശന്‍ ഈ ആവശ്യം മുന്നോട്ടുവച്ചത്. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച നിഷ്ഠൂരമായ ഈ സംഭവം രക്ഷിതാക്കളില്‍ ഭീതിയും ഉത്ക്കണ്ഠയും നിറച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധാര്‍ത്ഥന്റെ ആള്‍ക്കൂട്ട വിചാരണയിലും മര്‍ദ്ദനത്തിലും പ്രധാന പങ്കുവഹിച്ചുവെന്ന് സംശയിക്കുന്ന സിന്‍ജോ ജോണ്‍സണ്‍ എന്ന വിദ്യാര്‍ത്ഥിയുമായി സിദ്ധാര്‍ത്ഥന്‍ താമസിച്ചിരുന്ന ഹോസ്റ്റലിലും മര്‍ദ്ദനം നടന്നുവെന്ന് ആരോപിക്കപ്പെട്ട സ്ഥലങ്ങളിലും ഞായറാഴ്ച പോലീസ് തെളിവെടുപ്പ് നടത്തി. സിദ്ധാര്‍ത്ഥനെ മര്‍ദിക്കാന്‍ ഉപയോഗിച്ച വയര്‍ കണ്ടെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സിദ്ധാര്‍ത്ഥന്റെ മരണം കൊലപാതകമായിരിക്കാനുള്ള സാധ്യതയെപ്പറ്റി അന്വേഷിക്കണമെന്ന് പ്രതികളായി സംശയിക്കപ്പെടുന്നവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചനകളുള്ളതായും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫെബ്രുവരി 18-നാണ് രണ്ടാം വര്‍ഷ വെറ്ററിനറി സയന്‍സ് വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി 14 മുതല്‍ 18 വരെ സിദ്ധാര്‍ത്ഥനെ ക്രൂരമായ ആള്‍ക്കൂട്ടവിചാരണക്കും മര്‍ദനങ്ങള്‍ക്കും വിധേയനാക്കിയതായി വെളിപ്പെടുന്നു. സിപിഎം-ന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള കോളേജ് യൂണിയന്‍ ഭാരവാഹികളുടെ നേതൃത്വത്തിലാണ് വിചാരണയും മര്‍ദ്ദനവും നടന്നതെന്ന് കരുതപ്പെടുന്നു. കോളേജ് യൂണിയന്‍ ഭാരവാഹികളടക്കമുള്ള നാല് എസ്എഫ്‌ഐ നേതാക്കളെ കേസില്‍ പ്രതികളായി ചേര്‍ത്തിട്ടുണ്ട്.