
താമരശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവം: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു
താമരശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ മരണത്തില്‍ വിശദമായ വകുപ്പുതല അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
വ്യാഴം വൈകിട്ട് താമരശേരി പഴയ സ്റ്റാന്‍ഡിനടുത്തുള്ള ട്യൂഷന്‍ സെന്ററിന് സമീപത്താണ് താമരശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും എളേറ്റില്‍ വട്ടോളി എംജെഎച്ച്എസ്എസിലെയും വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘർഷമുണ്ടായത്. ട്യൂഷന്‍ സെന്ററില്‍ ഞായറാഴ്ചത്തെ യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ തര്‍ക്കത്തിനുശേഷം സാമൂഹികമാധ്യമത്തിലൂടെ ഇരുവിഭാഗവും തമ്മില്‍ തർക്കിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വ്യാഴാഴ്ച വൈകീട്ട് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മുഹമ്മദ് ഷഹബാസാണ് ശനിയാഴ്ച പുലര്‍ച്ചെ മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജിവിഎച്ച്എസ്എസിലെ അഞ്ച് പത്താംക്ലാസ് വിദ്യാര്‍ഥികളെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നഞ്ചക്കുപോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു മര്‍ദനമെന്നാണ് വിദ്യാര്‍ഥികള്‍ പോലീസിനെ അറിയിച്ചത്. അതേസമയം, താമരശേരിയിലെ വിദ്യാര്‍ഥികള്‍കൂടാതെ പുറമേനിന്നുള്ള കണ്ടാലറിയാവുന്ന ചിലരും സംഘടിച്ചെത്തിയാണ് അക്രമം നടത്തിയതെന്നാണ് മുഹമ്മദ് ഷഹബാസിന്റെ ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.