PHOTO: WIKI COMMONS
തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു; കാരണം വ്യക്തമല്ല
മാനന്തവാടിയില്‍ നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെയോടെയാണ് ആന ചരിഞ്ഞത്. വെള്ളിയാഴ്ച രാത്രിയോടെ തണ്ണീര്‍ കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി ബന്ദിപ്പൂരിലേക്ക് മാറ്റിയിരുന്നു. കര്‍ണാടക വനംവകുപ്പിന് കൈമാറിയ ശേഷമാണ് ആന ചരിഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ ആന ചരിയാനുണ്ടായ കാരണത്തില്‍ വ്യക്തതയുണ്ടാവൂ എന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.
വിദഗ്ധ സമിതി പരിശോധിക്കും
ജനുവരി 16 നാണ് കര്‍ണാടക വനംവകുപ്പ് തണ്ണീര്‍ കൊമ്പനെ പിടികൂടി ബന്ദിപ്പൂര്‍ വനാതിര്‍ത്തിയില്‍ തുറന്നുവിട്ടത്. മാനന്തവാടി നഗരത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കണിയാരത്തും പായോട് ഒറ്റയാനെത്തിയത് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ്. ജനങ്ങള്‍ ആശങ്കയിലായപ്പോള്‍ തണ്ണീര്‍ കൊമ്പനെ വനമേഖലയിലേക്ക് തിരികെ അയക്കാന്‍ പൊലീസും വനംവകുപ്പും ചേര്‍ന്ന് ശ്രമിച്ചു. ശ്രമം വിജയിക്കാതെ വന്നപ്പോള്‍ മയക്കുവെടിവെച്ച് പിടികൂടുകയായിരുന്നു. മയക്കുവെടിവെച്ച് കുങ്കിയാനകളുടെ സഹായത്തോടെ രാത്രി പത്തരയോടെയാണ് ആനയെ കര്‍ണാടകയിലേക്ക് കൊണ്ടുപോയത്. കര്‍ണാടക അധികൃതര്‍ക്ക് കൈമാറിയ ആനയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ബന്ദിപ്പൂര്‍ മേഖലയില്‍ തുറന്നുവിടാനായിരുന്നു തീരുമാനം. എന്നാല്‍ ഇന്ന് പുലര്‍ച്ചെയോടെ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു എന്ന വാര്‍ത്തയാണ് പുറത്തുവന്നത്.
ആനയെ പിടികൂടിയതില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി അഞ്ചംഗ വിദഗ്ധസമിതിയെ സര്‍ക്കാര്‍ നിയോഗിക്കും. വിജിലന്‍സ്, വെറ്റിനറി, എന്‍ജിനീയറിംഗ്, ലീഗല്‍, ഫ്‌ളൈയിങ് സ്‌ക്വാഡ് എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമിതിയില്‍ ഉണ്ടായിരിക്കും. കേരളവും കര്‍ണാടകയും സംയുക്തമായണ് കാര്യങ്ങള്‍ ചെയ്യുകയെന്നും മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് കൂടുതല്‍ തീരുമാനങ്ങളെടുക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.