
നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ മരണം 170 ആയി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
നേപ്പാളിലുടനീളം മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 170 ആയി ഉയർന്നു. 42 പേരെ ഞായറാഴ്ച്ച കാണാതായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കം ഉണ്ടായതോടെ കിഴക്കൻ, മധ്യ നേപ്പാളിന്റെ പല ഭാഗങ്ങളും വെള്ളിയാഴ്ച്ച മുതൽ വെള്ളത്തിനടിയിലാണ്.വെള്ളപ്പൊക്കത്തിൽ 111 പേർക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയ വക്താവ് ഋഷിറാം പൊഖാരെൽ പറഞ്ഞു. എല്ലാ സുരക്ഷ ഏജൻസികളെയും അണിനിരത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നേപ്പാൾ സൈന്യം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 162 പേരെ വിമാനമാർഗം രക്ഷിച്ചതായും അദ്ദേഹം പറഞ്ഞു.
വെള്ളപ്പൊക്കത്തിലും വെള്ളപ്പൊക്കത്തിലകപ്പെട്ട 4,000 പേരേയും നേപ്പാൾ സൈന്യവും പൊലീസും സായുധ സേനാംഗങ്ങളും ചേർന്ന് രക്ഷപ്പെടുത്തി. ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെ ആവശ്യമായ എല്ലാ ദുരിതാശ്വാസ സാമഗ്രികളും രക്ഷപ്പെട്ടവർക്ക് വിതരണം ചെയ്തിട്ടുണ്ട്.
കാഠ്മണ്ഡുവിൻ്റെ പ്രാന്തപ്രദേശത്തുള്ള ബൽഖു മേഖലയിൽ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ ഭക്ഷണം വിതരണം ചെയ്തു.
മണ്ണിടിച്ചിലിനെത്തുടർന്ന് നൂറുകണക്കിനാളുകളാണ് വിവിധ ഹൈവേകളിൽ കുടുങ്ങിക്കിടക്കുന്നത്. ശനിയാഴ്ച്ച മുതൽ ദേശീയപാത ഗതാഗതങ്ങൾ നിലച്ചിരുന്നു. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കാരണം റോഡുകൾ തടസ്സപ്പെട്ട ദേശീയ പാതകൾ വൃത്തിയാക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കാഠ്മണ്ഡുവിനെ മറ്റ് ജില്ലകളുമായി ബന്ധിപ്പിക്കുന്ന പ്രധാന വഴിയായ ത്രിഭുവൻ ഹൈവേയിൽ ഗതാഗതം പുനരാരംഭിച്ചതായി പൊഖാരെൽ അറിയിച്ചു.
വെള്ളപ്പൊക്കത്തിൽ നേപ്പാളിലുടനീളം 322 വീടുകളും 16 പാലങ്ങളുമാണ് തകർന്നത്. 40-45 വർഷത്തിനിടെ കാഠ്മണ്ഡു താഴ്‌വരയിൽ ആദ്യമായാണ് ഇത്രയും ദുരിതം വിതക്കുന്ന പ്രകൃതി ദുരന്തം ഉണ്ടാകുന്നത്.ഇത്തരത്തിൽ വിനാശകരമായ വെള്ളപ്പൊക്കം കണ്ടിട്ടില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കാഠ്മണ്ഡുവിൽ ഇത്രയും വെള്ളപ്പൊക്കം ഞാൻ മുമ്പൊരിക്കലും കണ്ടിട്ടില്ല എന്ന് ഇൻ്റർനാഷണൽ സെൻ്റർ ഫോർ ഇൻ്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെൻ്റിലെ (ICIMOD) കാലാവസ്ഥാ പരിസ്ഥിതി വിദഗ്ധൻ അരുൺ ഭക്ത ശ്രേഷ്ഠ പറഞ്ഞു. ഇടതടവില്ലാതെ പെയ്ത കനത്ത മഴയെത്തുടർന്ന് വെള്ളി, ശനി ദിവസങ്ങളിൽ കാഠ്മണ്ഡുവിലെ പ്രധാനനദിയായ ബാഗ്മതി അപകടകരമായ നിലക്ക് ഒഴുക്കുന്നുണ്ടെന്ന് ഐ സി എം ഒ സി ഡി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും മൺസൂൺ ട്രഫിന്റെ സാധാരണയേക്കാൾ വടക്കുള്ള സ്ഥാനവുമാണ് ശനിയാഴ്ചത്തെ അസാധാരണമായ ശക്തമായ മഴയ്ക്ക് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ആസൂത്രിതമല്ലാത്ത നിർമ്മാണം ഉൾപ്പെടെയുള്ള നിർമ്മിത പരിസ്ഥിതിയാണ് കാലാവസ്ഥ വ്യതിയാനം ഏഷ്യയിലുടനീളം മാറ്റങ്ങൾ സൃഷ്ടിക്കുന്നത്. കാലം തെറ്റി പെയ്യുന്ന മഴയുടെ അളവ് ദുരന്തത്തിനിടയാക്കുന്നു. വെള്ളപ്പൊക്കത്തിൻ്റെ ആഘാതം വർദ്ധിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണിത്. പ്രത്യേകിച്ച് വെള്ളപ്പൊക്ക പ്രദേശങ്ങളിൽ വെള്ളം നിലനിർത്തുന്നതിനും ഡ്രെയിനേജ് ചെയ്യുന്നതിനും വേണ്ടത്ര സ്ഥലങ്ങൾ അവശേഷിക്കുന്നില്ല. വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ജനജീവിതം താറുമാറാക്കിയിരിക്കുകയാണ്. നൂറുകണക്കിന് വീടുകളും പാലങ്ങളുമാണ് ഒലിച്ചുപോയത്. അതുപോലെ നൂറുകണക്കിന് കുടുംബങ്ങളെ പ്രദേശത്ത് നിന്നും മാറ്റിപാർപ്പിക്കുകയും ചെയ്തു. നിരവധി ഹൈവേകളും റോഡുകളും തടസ്സപ്പെട്ടതിനാൽ ആയിരക്കണക്കിന് യാത്രക്കാരാണ് വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്.
ശനിയാഴ്ച കാഠ്മണ്ഡുവുമായി അതിർത്തി പങ്കിടുന്ന ധാഡിങ് ജില്ലയിൽ മണ്ണിടിച്ചിലിൽ ബസ് കുടുങ്ങി 19 പേർ മരിച്ചിരുന്നു. ഭക്താപൂർ നഗരത്തിൽ മണ്ണിടിച്ചിലിൽ വീട് തകർന്ന് അഞ്ച് പേരും മരിച്ചു. മക്വാൻപൂരിലെ ഓൾ നേപ്പാൾ ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന പരിശീലന കേന്ദ്രത്തിൽ മണ്ണിടിച്ചിലിൽ ആറ് ഫുട്ബോൾ കളിക്കാരും മരിച്ചു. മറ്റുള്ളവർ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയിട്ടുണ്ട്.