ആരിഫ് മുഹമ്മദ് ഖാന്‍ | PHOTO: PTI
ബില്ലുകളില്‍ തീരുമാനം വൈകുന്നു; ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. റിട്ട് ഹര്‍ജിയാണ് സമര്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാരിനു പുറമെ ടിപി രാമകൃഷ്ണന്‍ എംഎല്‍എയും ഹര്‍ജി നല്‍കിയിട്ടുണ്ട്.
സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ സികെ ശശിയാണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. സര്‍വകലാശാല ഭേദഗതി ബില്‍, ലോകായുക്ത ബില്‍ എന്നിവയടക്കം എട്ടു ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. മൂന്നു ബില്ലുകള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഗവര്‍ണറുടെ പരിഗണനയിലാണ്.
ഭരണഘടനാ വിരുദ്ധം
ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് വിരുദ്ധമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടു ബില്ലുകള്‍ പാസാക്കി ഒരുവര്‍ഷം പിന്നിട്ടിട്ടും ഗവര്‍ണര്‍ തീരുമാനമെടുത്തിട്ടില്ല. ഇത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഭരണഘടനയുടെ 200-ാം അനുച്ഛേദത്തിന് വിരുദ്ധമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
461 പേജുള്ള ഹര്‍ജിയാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള വിഷയങ്ങളും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. നേരത്തെ പഞ്ചാബ്, തമിഴ്‌നാട്, തെലങ്കാന സര്‍ക്കാരുകളും സമാനമായ ഹര്‍ജികളുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
തര്‍ക്കത്തിന്റെ തുടക്കം
സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെയും നിയമനങ്ങള്‍ യുജിസി മാനദണ്ഡം പാലിച്ചല്ലെന്നും അതിനാല്‍ എല്ലാ വൈസ് ചാന്‍സലര്‍മാരും രാജിവയ്ക്കണമെന്നുള്ള ഗവര്‍ണറുടെ നിര്‍ദേശം ഏറേ കോളിളക്കങ്ങള്‍ക്ക് വഴിവച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഒക്‌ടോബര്‍ 24 ന് രാവിലെ 11.30 നു മുമ്പ് സ്ഥാനമൊഴിയണമെന്നായിരുന്നു അന്ത്യശാസനം. സാങ്കേതിക സര്‍വകലാശാലയ്ക്കു പുറമെ അഞ്ചു സര്‍വകലാശാലകളിലെ വിസിമാരെ നിയമിച്ചത് പാനല്‍ ഇല്ലാതെയാണെന്നായിരുന്നു ഗവര്‍ണറുടെ വാദം. ഇത് മുമ്പില്ലാത്തതരം ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള എതിര്‍പ്പിനു കാരണമായി.