
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്താന്‍ തീരുമാനം
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിശദമായ സുരക്ഷാപരിശോധന നടത്തും. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര ജല കമ്മീഷന്‍ മുല്ലപ്പെരിയാര്‍ ഡാമില്‍
സുരക്ഷാ പരിശോധന നടത്തുന്നതിന് അനുമതി നല്‍കിയത്. 12 മാസത്തിനുള്ളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അണക്കെട്ട് മേല്‍നോട്ട സമിതിയുടെ ഇന്ന് ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. നിലവില്‍ സുരക്ഷ പരിശോധിക്കേണ്ടതില്ലെന്നായിരുന്നു തമിഴ്നാടിന്റെ വാദം.
മുല്ലപ്പെരിയാറിലെ ജലവിതാനത്തെ സംബന്ധിച്ച ജല കമ്മീഷന്റ വാദങ്ങള്‍ തുടരുന്നതിനിടയിലും, കേരളത്തിലെ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി സുരക്ഷാ പരിശോധന സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റി 2011 ല്‍ വിശദ പരിശോധന നടത്തിയിരുന്നു. സ്വതന്ത്ര വിദഗ്ധന്മാര്‍ ഉള്‍പ്പെടുന്ന സമിതി, കേരളം കൂടി നിര്‍ദേശിക്കുന്ന അജണ്ട കൂടി ഉള്‍പ്പെടുത്തി അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ എന്നിവയും പരിശോധിക്കും. ഇതിന്റെ ഭാഗമായി അണക്കെട്ടിലും മറ്റ് വിദഗ്ധ സ്ഥാപനങ്ങളിലും നടത്തുന്ന നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം കൈക്കൊള്ളുന്നത്.