
മാനന്തവാടിയിലെ നരഭോജി കടുവയുടെ ജഡം കണ്ടെത്തി
മാനന്തവാടി പിലാക്കാവ് കടുവയെ ചത്തനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ആഴ്ച്ച ആദിവാസി യുവതി രാധയെ ആക്രമിച്ച് കൊലപ്പെടുത്തി ഭക്ഷിച്ച കടുവയാണിതെന്ന് സിസിഎഫ് കെ എസ് ദീപയും വനംവകുപ്പ് ചീഫ് വെറ്ററിനറി സര്ജന് ഡോ അരുണ്‍ സക്കറിയയും സ്ഥിരീകരിച്ചു.
ഇതിന്റെ കഴുത്തില്‍ ആഴത്തിലുള്ള രണ്ട് മുറികളുണ്ട്. കടുവയുടെ കാല്‍പ്പാടുകള്‍ പിന്തുടര്ന്ന് പോയപ്പോഴാണ് ജഡം കണ്ടെത്തിയത്.
രാത്രി 12.30ന് കടുവയെ കണ്ടതായി വിവരം ലഭിച്ചുവെന്നും 2.30 വരെ അതിനെ നിരീക്ഷിച്ചിരുന്നുവെന്നും ഡോ അരുണ്‍ സക്കറിയ പറഞ്ഞു. 6.30നാണ് കടുവയുടെ ജഡം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ പിലാക്കാവില്‍ ഒരു വീടിന്റെ സമീപത്താണ് ജഡം കണ്ടെത്തിയത്. മറ്റൊരു കടുവയുമായി മല്ലിട്ടതിന്റെ പരിക്കുകള്‍ കടുവയുടെ ശരീരത്തിലുണ്ട്. പഴക്കമുള്ള മുറിവുകളും ശരീരത്തിലുണ്ട്. കടുവയ്ക്ക് ആറോ ഏഴോ വയസ്സ് പ്രായമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഫോട്ടോയും തിരിച്ചറിയല്‍ മാര്‍ക്കുകളും ഒത്തുനോക്കിയാണ് ചത്തത് നരഭോജിയായ കടുവ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
കഴിഞ്ഞയാഴ്ച്ച തോട്ടം തൊഴിലാളിയായ രാധ കാപ്പി പറിക്കാന്‍ പോകുമ്പോഴാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രാധയുടെ മൃതദേഹത്തിന്റെ പകുതിയും കടുവ ഭക്ഷിച്ചിരുന്നു. കടുവയുടെ ജഡം ബേസ് ക്യാമ്പില്‍ എത്തിച്ചു. ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും.
കടുവയുടെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചാരക്കൊല്ലി, പിലാക്കാവ്, ചിക്കറ ഭാഗങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ ജില്ലാ ഭരണകൂടം പിന്‍വലിച്ചു.