PHOTO: WIKI COMMONS
മനോരമക്കെതിരെ പി കെ ഇന്ദിര നല്‍കിയ മാനനഷ്ടക്കേസ്; 10,10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്
മനോരമക്കെതിരായ മാനനഷ്ടക്കേസില്‍ ഇപി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയ്ക്ക് 10,10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് കണ്ണൂര്‍ സബ്‌കോടതി. നഷ്ടപരിഹാരത്തിന് പുറമെ കോടതിച്ചെലവും നല്‍കണം. പി കെ ഇന്ദിര കോവിഡ് സമയത്ത് ക്വാറന്റൈന്‍ ലംഘിച്ച് ബാങ്ക് ലോക്കര്‍ തുറന്നു എന്ന തലക്കെട്ടില്‍ 2020 സെപ്റ്റംബര്‍ 14 ന് മനോരമ നല്‍കിയ വാര്‍ത്തയാണ് കേസിന് ആസ്പദം. ക്വാറന്റൈന്‍ സമയത്ത് കേരള ബാങ്ക് കണ്ണൂര്‍ ശാഖയിലെത്തി ഇടപാട് നടത്തിയത് കേന്ദ്ര അന്വേഷണ ഏജന്‍സി പരിശോധിക്കുന്നെന്നായിരുന്നു വാര്‍ത്ത. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെടുത്തിയും വാര്‍ത്ത വന്നിരുന്നു.
കണ്ണൂരിലെ ബാങ്ക് ലോക്കറിലുണ്ടായിരുന്ന സ്വര്‍ണം പേരക്കുട്ടിയുടെ ജന്മദിനാവശ്യത്തിന് എടുക്കാനാണ് ബാങ്കിലെത്തിയതെന്നായിരുന്നു ഇന്ദിര നല്‍കിയ വിശദീകരണം. കോവിഡ് സമയത്ത് അപകീര്‍ത്തീകരമായ വ്യാജവാര്‍ത്ത നല്‍കി എന്നാരോപിച്ച് ഇന്ദിര കേസ് നല്‍കി.
മലയാള മനോരമ പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ ജേക്കബ് മാത്യു, എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസ്, ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു, എഡിറ്റര്‍ ഫിലിപ്പ് മാത്യൂ, റിപ്പോര്‍ട്ടര്‍ കെ പി സഫീന എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍. അഭിഭാഷകരായ എം രാജഗോപാലന്‍ നായര്‍, പി യു ശൈലജന്‍ എന്നിവര്‍ വഴിയാണ് ഇന്ദിര മാനനഷ്ട കേസ് നല്‍കിയത്.