PHOTO: PTI
അപകീര്‍ത്തി കേസ്: രാഹുലിന്റെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും
മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ജൂലൈ 21 ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് തീരുമാനം.
മോദി സമുദായത്തെ അപമാനിച്ചെന്ന കേസില്‍ കുറ്റക്കാരനാണെന്ന സൂറത്ത് കോടതിയുടെ വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് രാഹുല്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. രണ്ടു വര്‍ഷത്തെ തടവുശിക്ഷയാണ് സൂറത്ത് കോടതി വിധിച്ചത്.
അയോഗ്യതയ്ക്കു സ്റ്റേയില്ല
രാഹുല്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിക്കൊണ്ടുള്ള സൂറത്ത് മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്യാന്‍ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ചിരുന്നു. പത്തിലേറെ ക്രിമിനല്‍ കേസുകള്‍ രാഹുലിനെതിരെയുണ്ടെന്നും രാഹുല്‍ സ്ഥിരമായി തെറ്റ് ആവര്‍ത്തിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. രാഹുല്‍ കുറ്റക്കാരനാണെന്ന വിധി ഉചിതമാണെന്നും ശിക്ഷാവിധിയില്‍ തെറ്റില്ലെന്നും ഇടപെടേണ്ട സാഹചര്യമില്ലെന്നും ഗുജറാത്ത് കോടതി വ്യക്തമാക്കിയിരുന്നു. മജിസ്‌ട്രേറ്റ് കോടതിയുടെ വിധിക്കു സ്റ്റേ ആവശ്യപ്പെട്ടു രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതോടെ രാഹുലിന്റെ അയോഗ്യത തുടരുകയാണ്.
അപകീര്‍ത്തി കേസ്
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ മോദി പരാമര്‍ശത്തെ തുടര്‍ന്നാണ് ഏപ്രില്‍ 23 ന് ഗുജറാത്തിലെ സൂറത്ത് ജില്ലാ കോടതി കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. പേരില്‍ 'മോദി' എന്ന് ചേര്‍ത്തിരിക്കുന്ന എല്ലാവരെയും രാഹുല്‍ ഗാന്ധി അപകീര്‍ത്തിപ്പെടുത്തിയെന്ന, ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയിലായിരുന്നു വിധി. പിന്നാലെ രാഹുല്‍ ഗാന്ധിയുടെ നിയമസഭാംഗത്വം നഷ്ടമായി.
2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് കേസിന് ആസ്പദമായ സംഭവം. കര്‍ണാടകയിലെ കോലാറില്‍ പ്രസംഗിക്കവേ, 'എന്തുകൊണ്ടാണ് എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന തുടര്‍നാമമുള്ളത്' എന്ന് രാഹുല്‍ പറയുകയുണ്ടായി. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ട വ്യവസായികളായ നീരവ് മോദി, ലളിത് മോദി എന്നിവരെയും നരേന്ദ്ര മോദിയെയും ചേര്‍ത്തുവച്ചുകൊണ്ടാണ് അത്തരം പരാമര്‍ശം നടത്തിയത്. എന്നാല്‍, രാഷ്ട്രീയ കാമ്പയിനിന്റെ ഭാഗമായി രാഹുല്‍ നടത്തിയ പരാമര്‍ശം, മോദിയെന്ന ജാതിയെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് കാട്ടിയാണ് പൂര്‍ണേഷ് മോദി പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു പരാതി. രണ്ടു വര്‍ഷത്തെ തടവിനോടൊപ്പം 15,000 രൂപ പിഴയുമാണ് വിധിയുടെ ഭാഗമായി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച് എച്ച് വര്‍മ ചുമത്തിയത്.
അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹരീഷ് ഹസ്മുഖ് ഭായ് വര്‍മ (എച്ച്.എച്ച് വര്‍മ) അടക്കം ഗുജറാത്തിലെ 68 ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സ്ഥാനക്കയറ്റം സുപ്രീംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതി നല്‍കിയ ശുപാര്‍ശയും ഗുജറാത്ത് സര്‍ക്കാരിന്റെ വിജ്ഞാപനവുമാണ് സ്റ്റേ ചെയ്തത്. ജസ്റ്റിസുമാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ഹൈക്കോടതിയുടെ ശുപാര്‍ശയും സര്‍ക്കാരിന്റെ വിജ്ഞാപനവും നിയമ വിരുദ്ധമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഓഫീസര്‍മാരുടെ നിയമനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലായിരുന്നു ഇടക്കാല സ്റ്റേ.