
ഡല്‍ഹി നിയമസഭ: 12 എഎപി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു
പ്രതിപക്ഷ നേതാവ് അതിഷി അടക്കം 12 എഎപി എംഎല്‍എമാരെ ഡല്‍ഹി നിയമസഭയില്‍ നിന്നും സ്പീക്കര്‍ വിജേന്ദര്‍ ഗുപ്ത സസ്‌പെന്‍ഡ് ചെയ്തു. ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ മുദ്രാവാക്യം ഉയര്‍ത്തിയതിനാണ് സസ്‌പെന്‍ഷന്‍.
ഗോപാല്‍ റായ്, വീര്‍ സിങ് ധിന്‍ഗന്‍, മുകേഷ് അഹ്ലാവട്ട്, ചൗധരി സുബൈര്‍ അഹമ്മദ്, അനില്‍ ഝാ, വിശേഷ് രവി, ജര്‍ണയില്‍ സിങ് തുടങ്ങിയ എംഎല്‍എമാരെയാണ് പുറത്താക്കിയത്.
ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഭരണഘടനാ ശില്‍പി ബി ആര്‍ അംബേദ്ക്കറുടെ ചിത്രം നീക്കം ചെയ്തതുമായി ബന്ധപ്പെട്ട ബഹളമാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ചത്. അംബേദ്കറെ ബിജെപി അപമാനിച്ചുവെന്ന് അതിഷി ആരോപിച്ചു.
ബാബാസാഹബ് അംബേദ്ക്കറുടെ ചിത്രം നീക്കം ചെയ്തതിലൂടെ ബിജെപി തനിനിറം കാണിച്ചുവെന്നും മോദിക്ക് ബാബാസാഹബിന് പകരമാകാന്‍ കഴിയുമെന്ന് അത് വിശ്വസിക്കുന്നുണ്ടോയെന്നും അതിഷി വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.
ഡല്‍ഹി സെക്രട്ടറിയേറ്റിലും നിയമസഭയിലും ഉള്ള മുഖ്യമന്ത്രിയുടെ ഓഫീസിലെ അംബേദ്ക്കറുടെ ചിത്രം ബിജെപി ഭരണകൂടം നീക്കം ചെയ്തുവെന്ന് മുന്‍ മുഖ്യമന്ത്രിയായ അതിഷി ആരോപിച്ചു.