TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE: WIKI COMMONS

TMJ Daily

ദില്ലി ചലോ മാര്‍ച്ച് ; ഡല്‍ഹി അതിര്‍ത്തിയില്‍ വന്‍ ഗതാഗതക്കുരുക്ക് 

14 Feb 2024   |   1 min Read
TMJ News Desk

ര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ചെവിക്കൊള്ളാത്തതിനാല്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് പുനരാരംഭിക്കുമെന്ന് കര്‍ഷകര്‍. കര്‍ഷകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന്  ബാരിക്കേഡുകള്‍ സ്ഥാപിച്ചതിനാല്‍ ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കര്‍ഷക മാര്‍ച്ചിനെ ചെറുക്കുന്നതിന്റെ ഭാഗമായി കണ്ണീര്‍വാതക പ്രയോഗവും പോലീസ് നടത്തിയിരുന്നു. സംയുക്ത കിസാന്‍ മോര്‍ച്ച-നോണ്‍ പൊളിറ്റിക്കല്‍ വിഭാഗത്തിന്റെയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെയും നേതൃത്വത്തില്‍ പ്രഖ്യാപിച്ച ദില്ലി ചലോ മാര്‍ച്ചിനെ നേരിടാന്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഡല്‍ഹി പോലീസ് ഏര്‍പ്പെടുത്തിയത്.

നൂറുകണക്കിന് അര്‍ധസൈനികരെയും പൊലീസ് ഉദ്യോഗസ്ഥരെയുമാണ് ഡല്‍ഹിയില്‍ നിയോഗിച്ചിട്ടുള്ളത്. താങ്ങുവില, വിള ഇന്‍ഷുറന്‍സ്, കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും കര്‍ഷകര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. 

സമരം മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടതോടെ

കേന്ദ്ര മന്ത്രിമാരുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരവുമായി മുന്നോട്ടുപോകാന്‍ കര്‍ഷകര്‍ തീരുമാനിക്കുന്നത്. ഇരുനൂറോളം കര്‍ഷക സംഘടനകളാണ് സമരത്തിന്റെ ഭാഗമായിരിക്കുന്നത്. രണ്ടായിരത്തിലേറെ ട്രാക്ടറുകളിലായി ഇരുപതിനായിരത്തിലേറെ കര്‍ഷകരാണ് സമരം ചെയ്യുന്നത്.

പ്രതിഷേധത്തെ നേരിടാന്‍ സര്‍ക്കാര്‍

കിലോമീറ്ററുകളോളം ട്രാക്ടറുകള്‍ നിരത്തിയും കൂടുതല്‍ കര്‍ഷകരെ പ്രതിഷേധത്തിനെത്തിച്ചും കര്‍ഷക സംഘടനകള്‍ സമരം തുടരുകയാണ്. അതിര്‍ത്തികളടച്ചും ബാരിക്കേഡുകളും മുള്ളുവേലികളും നിരത്തിയുമാണ് പൊലീസ് പ്രതിഷേധക്കാരെ നേരിടുന്നത്. ഹരിയാനയിലെ ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റിന് വിലക്ക് നീട്ടിയതായി ഭരണകൂടം അറിയിച്ചു. സമരത്തിന് മുന്നോടിയായി ഡല്‍ഹി മെട്രോ ഗേറ്റുകള്‍ അടച്ചിരുന്നു. മാര്‍ച്ചിനെ നേരിടാന്‍ ഡല്‍ഹി, ഹരിയാന, പഞ്ചാബ് അതിര്‍ത്തികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളായ തിക്രു, സിംഘു, ഗാസിപൂര്‍, ബദര്‍പൂര്‍ എന്നിവിടങ്ങളില്‍ വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്.



#Daily
Leave a comment