PHOTO: PTI
ദില്ലി ചലോ; രാജ്യം വീണ്ടും കര്‍ഷകപ്രക്ഷോഭത്തിലേക്ക്
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ നടത്തുന്ന ദില്ലി ചലോ മാര്‍ച്ച് രാജ്യതലസ്ഥാനത്ത് പുരോഗമിക്കുന്നു. സംയുക്ത കിസാന്‍ മോര്‍ച്ച-നോണ്‍ പൊളിറ്റിക്കല്‍ വിഭാഗത്തിന്റെയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെയും നേതൃത്വത്തില്‍ പ്രഖ്യാപിച്ച ദില്ലി ചലോ മാര്‍ച്ചിനെ നേരിടാന്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഡല്‍ഹി പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നൂറുകണക്കിന് അര്‍ധസൈനികരെയും പൊലീസ് ഉദ്യോഗസ്ഥരെയുമാണ് ഡല്‍ഹിയില്‍ നിയോഗിച്ചിട്ടുള്ളത്. താങ്ങുവില, വിള ഇന്‍ഷുറന്‍സ്, കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും കര്‍ഷകര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. പ്രതിഷേധ മാര്‍ച്ച് തുടരവെ പൊലീസിന്റെ വാഹനപരിശോധനയില്‍ ഡല്‍ഹിയില്‍ കടുത്ത ഗതാഗതകുരുക്ക് അനുഭവപ്പെടുകയാണ്.
സമരം മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടതോടെ
കഴിഞ്ഞദിവസം രാത്രി കേന്ദ്ര മന്ത്രിമാരുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരവുമായി മുന്നോട്ടുപോകാന്‍ കര്‍ഷകര്‍ തീരുമാനിക്കുന്നത്. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് അതിര്‍ത്തികളില്‍ രാത്രിയോടെ തന്നെ കര്‍ഷകര്‍ എത്തുകയായിരുന്നു. ഇരുനൂറോളം കര്‍ഷക സംഘടനകളാണ് സമരത്തന്റെ ഭാഗമായിരിക്കുന്നത്. രണ്ടായിരത്തിലേറെ ട്രാക്ടറുകളിലായി ഇരുപതിനായിരത്തിലേറെ കര്‍ഷകരാണ് സമരത്തിന്റെ ഭാഗമാകുന്നത്.
പ്രതിഷേധത്തെ നേരിടാന്‍ സര്‍ക്കാര്‍
പ്രതിഷേധം ഡല്‍ഹിയില്‍ പ്രവേശിക്കാതിരിക്കാന്‍ കടുത്ത സംവിധാനങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി. യു.പി, ഹരിയാന അതിര്‍ത്തികളില്‍ ട്രാക്ടറുകള്‍ തടയാനുള്ള നീക്കത്തിലാണ് പൊലീസ്. ട്രാക്ടറുകള്‍ അതിര്‍ത്തി കടക്കാതിരിക്കാന്‍ ബാരിക്കേഡുകള്‍, കോണ്‍ക്രീറ്റ് ബീമുകള്‍, മുള്ള് വേലികള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. സമരത്തിന് മുന്നോടിയായി ഡല്‍ഹി മെട്രോ ഗേറ്റുകള്‍ അടച്ചിരുന്നു. മാര്‍ച്ചിനെ നേരിടാന്‍ ഡല്‍ഹി, ഹരിയാന, പഞ്ചാബ് അതിര്‍ത്തികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളായ തിക്രു, സിംഘു, ഗാസിപൂര്‍, ബദര്‍പൂര്‍ എന്നിവിടങ്ങളില്‍ വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചു.