പ്രബീര്‍ പുരകായസ്ത | PHOTO: PTI
ന്യൂസ് ക്ലിക്ക് എഡിറ്റര്‍ക്കെതിരെയുള്ള കേസ്; എഫ്‌ഐആര്‍ നല്‍കണമെന്ന് കോടതി
ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുരകായസ്തയ്ക്കും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അമിത് ചക്രബര്‍ത്തിക്കും എഫ്‌ഐആറിന്റെ പകര്‍പ്പുകള്‍ നല്‍കാന്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഹര്‍ദീപ് കൗര്‍ ഉത്തരവിട്ടു. എഫ്‌ഐആറിന്റെ പകര്‍പ്പു ലഭിക്കേണ്ടത് കക്ഷികളുടെ അവകാശമാണെന്ന വാദം കോടതി ശരിവെക്കുകയായിരുന്നു.
സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ എഫ്‌ഐആറിന്റെ പകര്‍പ്പു നല്‍കുന്നതിനെ എതിര്‍ത്തു. എഫ്‌ഐആറിന്റെ പകര്‍പ്പിനു വേണ്ടി ആദ്യം കമ്മീഷണറുടെ അടുത്താണ് അപേക്ഷ നല്‍കേണ്ടത്. കമ്മീഷണര്‍ നിയോഗിക്കുന്ന കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടത്, നടപടിക്രമം പാലിക്കാതെയാണ് കോടതിയില്‍ എഫ്‌ഐആറിന്റെ പകര്‍പ്പിനു വേണ്ടി അപേക്ഷ നല്‍കിയിരിക്കുന്നത് എന്നും അതുല്‍ ശ്രീവാസ്തവ വാദിച്ചു. എന്നാല്‍ കോടതി വാദം തള്ളുകയായിരുന്നു.
ആരോപിക്കുന്നത് ഗുരുതര കുറ്റങ്ങള്‍
പ്രബീര്‍ പുരകായസ്തയ്ക്കെതിരെ ഡല്‍ഹി പൊലീസ് ആരോപിക്കുന്നത് ഗുരുതര കുറ്റങ്ങളാണ്. 115 കോടിയിലധികം രൂപ പ്രതിഫലമായി സ്വീകരിച്ച് ഇന്ത്യന്‍ ഭൂപടത്തില്‍ നിന്നും കശ്മീരിനെ ഒഴിവാക്കാന്‍ പ്രബീര്‍ പുരകായസ്ത പദ്ധതിയിട്ടുവെന്നും ഇന്ത്യയുടെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും തകര്‍ക്കാന്‍ പുരകായസ്തയും കൂട്ടാളികളും ശ്രമിച്ചു എന്നുമാണ് എഫ്ഐആറില്‍ ഡല്‍ഹി പൊലീസ് പറയുന്നത്. പുരകായസ്തയേയും ന്യൂസ് ക്ലിക്ക് എച്ച്ആര്‍ മേധാവിയേയും നിലവില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ഡല്‍ഹി പോലീസിന്റെ നടപടിക്കെതിരെ ന്യൂസ് ക്ലിക്ക് സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. അറസ്റ്റ് ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു . ന്യൂസ് ക്ലിക്ക് എഡിറ്ററേയും എച്ച്.ആര്‍ മേധാവിയെയും അറസ്റ്റ് ചെയ്തതില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ഒരു മാസത്തോളം മാധ്യമപ്രവര്‍ത്തകരെ പിന്തുടര്‍ന്നും നിരീക്ഷിച്ചും നടത്തിയ നീക്കങ്ങള്‍ക്കൊടുവില്‍ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയാണ് മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് എന്നാണ് ആരോപണം. സംഭവത്തിനെതിരെ എഡിറ്റേഴ്സ് ഗില്‍ഡ്, പ്രസ് ക്ലബ് ഓഫ് ഇന്ത്യ, കെയുഡബ്ല്യുജെ, ഡിയുജെ എന്നീ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.
ആരോപണങ്ങള്‍ നിഷേധിച്ച് ന്യൂസ് ക്ലിക്ക്
ചൈനീസ് അജന്‍ഡ പ്രചരിപ്പിക്കാന്‍ യുഎസ് വ്യവസായി നെവില്‍ റോയ് സിംഗാമില്‍ നിന്ന് 38 കോടി കൈപ്പറ്റി എന്ന ആരോപണത്തിലായിരുന്നു അറസ്റ്റ്. എന്നാല്‍ പൊലീസിന്റെ ആരോപണങ്ങള്‍ ന്യൂസ് ക്ലിക്ക് നിഷേധിച്ചു. ചൊവ്വാഴ്ചയാണ് ഇന്ത്യാവിരുദ്ധ പ്രചാരണത്തിനായി ചൈനീസ് ഫണ്ട് കൈപ്പറ്റി എന്നാരോപിച്ച് ഭീകരവിരുദ്ധ നിയമമായ യുഎപിഎ, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവ പ്രകാരം ഡല്‍ഹി പോലീസ് ന്യൂസ് ക്ലിക്ക് ഓഫീസ് പൂട്ടി മുദ്രവച്ചത്. സ്ഥാപനവുമായി ബന്ധപ്പെട്ട 37 മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ അടക്കം 30 കേന്ദ്രങ്ങളില്‍ മണിക്കൂറുകളോളം പരിശോധന നടത്തിയതിനു പിന്നാലെയായിരുന്നു നടപടി.