
ഡല്‍ഹി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ഫെബ്രുവരി 5ന്; വോട്ടെണ്ണല്‍ 8ന്
കേന്ദ്രഭരണപ്രദേശമായ ന്യൂഡല്‍ഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് ഫെബ്രുവരി 5നും വോട്ടെണ്ണല്‍ ഫെബ്രുവരി 8നും നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ രാജീവ് കുമാര്‍ പറഞ്ഞു.
നാമനിര്‍ദ്ദേശം സമര്‍പ്പിക്കാനുള്ള അവസാന തിയതി ജനുവരി 17 ആണ്. സൂക്ഷ്മപരിശോധന ജനുവരി 18ന് നടക്കും. സ്ഥാനാര്‍ത്ഥികള്‍ക്ക് ജനുവരി 20 വരെ നാമനിര്‍ദ്ദേശം പിന്‍വലിക്കാം.
ഉത്തര്‍പ്രദേശിലെ മില്‍ക്കിപൂര്‍, തമിഴ്‌നാട്ടിലെ ഈറോഡ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഫെബ്രുവരി അഞ്ചിന് നടക്കും.
70 അംഗ നിയമസഭയുടെ കാലാവധി ഫെബ്രുവരി 23ന് അവസാനിക്കും. ശക്തമായ ത്രികോണ മത്സരമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. നിലവില്‍ ഡല്‍ഹി ഭരിക്കുന്ന ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ബിജെപിയും ശക്തമായ മത്സരവുമായി രംഗത്തുണ്ട്. മൂന്നാം തവണയും അധികാരം പിടിക്കാനായി ആംആദ്മി പാര്‍ട്ടി പോരാടുമ്പോള്‍ കോണ്‍ഗ്രസും ബിജെപിയും ഭരണം തിരിച്ചുപിടിക്കാനും ശ്രമിക്കുന്നു.