TMJ
searchnav-menu
post-thumbnail

TMJ Daily

പഴയ വാഹനങ്ങളുടെ വിലക്ക് നീക്കാൻ ഡൽഹി സർക്കാർ സുപ്രീം കോടതിയിൽ

27 Jul 2025   |   1 min Read
TMJ News Desk

കാല പഴക്കം ചെന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കിനെ പുനഃപരിശോധിക്കാനുള്ള ആവശ്യവുമായി ഡൽഹി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. പത്ത് വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും, 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കുമാണ് ഡൽഹി എൻസിആർ മേഖലയിൽ നിരോധനമേർപ്പെടുത്തിയത്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നടപടി 2018ൽ ശരിവച്ച സുപ്രീം കോടതിയുടെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് സർക്കാർ കോടതിയിൽ നൽകിയിട്ടുള്ളത് എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു.

വാഹനങ്ങളുടെ പ്രായം പരിഗണിച്ചുള്ള നടപടികൾ, വാഹനങ്ങളിലെ എമിഷൻ ടെക്നോളജിയിലെ മുന്നേറ്റങ്ങളെ പരിഗണിക്കുന്നില്ലെന്ന് സർക്കാർ വാദിക്കുന്നു. പുകപരിശോധന പോലുള്ള പരിശോധനകളുടെ അടിസ്ഥാനത്തിലാവണം വാഹനങ്ങളെ നിരോധിക്കേണ്ടതെന്ന് സർക്കാർ നൽകിയ ഹർജിയിൽ നിർദ്ദേശിക്കുന്നു. വാഹനങ്ങളിൽ നിന്നുള്ള എമിഷൻ റെക്കോർഡ് ചെയ്ത്, കൃത്യമായ ഡാറ്റയുടെ പിൻബലത്തോടെയുള്ള വിലയിരുത്തലുകൾക്ക് ആവശ്യമായ സാങ്കേതികവിദ്യയെക്കുറിച്ചും, സർക്കാരിന്റെ റിവ്യു അപേക്ഷയിൽ പരിസ്ഥിതി മന്ത്രി മജീന്ദർ സിങ് സിർസ ചൂണ്ടിക്കാട്ടുന്നു.

കൃത്യമായി വാഹനങ്ങളെ പരിപാലിച്ച് കൊണ്ടുവന്നിട്ടുള്ള വാഹന ഉടമകൾ ഈ ഉത്തരവിൽ ബാധിക്കപ്പെട്ടതായും ഹർജിയിൽ പറയുന്നുണ്ട്. പ്രായപരിധി മൂലമുള്ള വാഹന നിരോധനം, വാഹനത്തെ പരിപാലിച്ച വിധം, ഉപയോഗം, പൊലൂഷൻ കണ്ട്രോൾ എന്നിവയൊന്നും നിരോധനത്തിൽ പരിഗണിക്കുന്നില്ലെന്നും ഹർജിയിൽ വാദമുണ്ട്.

ഇരുപത്തിയെട്ട് ലക്ഷത്തിനടുത്ത് ബിഎസ്-ഫോർ(BS-V), ബിഎസ്-സിക്സ്(BS-VI) വാഹനങ്ങൾ ഡൽഹിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡൽഹി സർക്കാർ അറിയിച്ചു. രാജ്യതലസ്ഥാനത്ത് കാല പഴക്കം ചെന്ന വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് സർക്കാർ നിരോധിച്ചതിനെതിരെ വലിയ രീതിയിലുള്ള പ്രചരണവും പ്രതിഷേധങ്ങളും നടന്നിരുന്നു. പിന്നീട് ഇന്ധന നിരോധനം പിൻവലിക്കേണ്ടിവന്നു.

ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ ബെഞ്ച് തിങ്കളാഴ്ച ഹർജി പരിഗണിക്കുച്ചേക്കുമെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു.


#Daily
Leave a comment