TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

26 പ്രതിപക്ഷ കക്ഷികള്‍ക്ക് നോട്ടീസയച്ച് ഡല്‍ഹി ഹൈക്കോടതി; വിശദീകരണം നല്‍കണം

04 Aug 2023   |   2 min Read
TMJ News Desk

പ്രതിപക്ഷ സഖ്യത്തിന്റെ പേര് ചുരുക്കി INDIA എന്നെഴുതുന്നതില്‍ 26 കക്ഷികള്‍ക്ക് നോട്ടീസ് അയച്ച് ഡല്‍ഹി ഹൈക്കോടതി. നോട്ടീസില്‍ വിശദീകരണം നല്‍കണം. തിരഞ്ഞെടുപ്പു കമ്മീഷനും കേന്ദ്ര സര്‍ക്കാരും വിഷയത്തില്‍ അഭിപ്രായം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഡല്‍ഹി സ്വദേശി  ഗിരീഷ് ഭരദ്വാജ് നല്‍കിയ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കണം എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നോട്ടീസ് അയച്ചത്. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഇന്ത്യന്‍ നാണല്‍ ഡവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് എന്നത് INDIA എന്ന് ചുരുക്കി എഴുതുന്നതിനെതിരെ തിരഞ്ഞെടുപ്പു കമ്മീഷനു നിവേദനം നല്‍കിയെങ്കിലും  പരിഗണിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഗിരീഷ് ഭരദ്വാജ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ഒക്ടോബര്‍ 21 ന് ഹര്‍ജി വീണ്ടും പരിഗണിക്കും. 

ഏപ്രിലില്‍ ആരംഭിച്ച ഉന്നതതല ചര്‍ച്ചകള്‍ക്കും പാട്നയിലും ബംഗളൂരുവിലുമായി നടന്ന മീറ്റിങ്ങുകള്‍ക്കും ശേഷമാണ് രണ്ട് ദേശീയ പാര്‍ട്ടികളും 24 പ്രാദേശിക പാര്‍ട്ടികളും ഉള്‍പ്പെടെ 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് സഖ്യം ഉണ്ടാക്കിയത്. ബംഗളൂരുവില്‍ ജൂലൈ 18 നു നടന്ന പ്രതിപക്ഷ യോഗത്തിലാണ് സംഖ്യത്തിന് ഇന്ത്യന്‍ നാണല്‍ ഡവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് (INDIA) എന്ന പേര് നല്‍കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പേര് പ്രഖ്യാപിച്ചതോടെ  INDIA എന്ന ചുരുക്കെഴുത്തില്‍ ചര്‍ച്ച ആരംഭിച്ചിരുന്നു. 

26 പ്രതിപക്ഷ പാര്‍ട്ടികള്‍

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്: പ്രതിപക്ഷ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് ലോക്സഭയില്‍ 49 സീറ്റുകളും രാജ്യസഭയില്‍ 31 സീറ്റുകളും ഉണ്ട്. പാര്‍ലമെന്റില്‍ ആകെ 80 എംപിമാര്‍. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് കൂടി വിജയിച്ചതോടെ കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലായാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഭരിക്കുന്നത്. ബിഹാര്‍, തമിഴ്നാട്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഭരണ സഖ്യങ്ങളുടെ ഭാഗവുമാണ്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 19.5 ശതമാനം ആയിരുന്നു. 2019 ല്‍ അത് 19.7 ശതമാനം ആയി. കോണ്‍ഗ്രസ് പാര്‍ട്ടി വലിയ രീതിയിലുള്ള വെല്ലുവിളികളാണ് നിലവില്‍ നേരിടുന്നത്. കഴിഞ്ഞ വര്‍ഷമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. 

ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന പാര്‍ട്ടിയാണ് ടിഎംസി. 35 എംപിമാരാണ് ഉള്ളത്. രാജ്യത്തെ മൂന്നാമത്തെ വലിയ പാര്‍ട്ടിയാണ്. 2011 മുതല്‍ പശ്ചിമ ബംഗാളില്‍ അധികാരത്തിലുണ്ട്. എന്നാല്‍ ഈ വര്‍ഷം ദേശീയ പാര്‍ട്ടി പദവി നഷ്ടമായി.

ദ്രാവിഡ മുന്നേറ്റ കഴകം: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലില്‍ നയിക്കുന്ന പാര്‍ട്ടിയാണ് ഡിഎംകെ. ഡിഎംകെ ക്ക് പാര്‍ലമെന്റില്‍ 34 എംപിമാരാണുള്ളത്. തമിഴ്നാട് നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയാണ്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ആറ് സീറ്റുകളുണ്ട്. 

ആം ആദ്മി പാര്‍ട്ടി: ഈ വര്‍ഷം ആദ്യമാണ് എഎപി ദേശീയ പാര്‍ട്ടി പദവി നേടിയത്. 11 എംപിമാരാണ് ഉള്ളത്. ഒരാള്‍ ലോക്സഭയിലും 10 പേര്‍ ഉപരി സഭയിലും. കോണ്‍ഗ്രസുമായി സങ്കീര്‍ണമായ ബന്ധമാണെങ്കിലും സഖ്യമുന്നണിയിലെ പ്രധാനപ്പെട്ട കക്ഷിയാണ് എഎപി.

ജനതാദള്‍ (യുണൈറ്റഡ്): പാട്നയില്‍ നടന്ന ആദ്യ പ്രതിപക്ഷ യോഗത്തിന് ആതിഥേയത്വം വഹിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയാണ് ജനതാദള്‍. 21 എംപിമാരാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷമാണ് ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ബിഹാറില്‍ അധികാരത്തില്‍ തുടരാന്‍ കോണ്‍ഗ്രസും, ആര്‍ജെഡിയുമായി കൈകോര്‍ക്കുകയും ചെയ്തത്. 

ഇവരെ കൂടാതെ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), സമാജ്വാദി പാര്‍ട്ടി (എസ്പി), രാഷ്ട്രീയ ലോക്ദള്‍ (ആര്‍എല്‍ഡി), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ് (സിപിഐഎം), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് (സിപിഐഎംഎല്‍), നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി), ശിവസേന, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം), അപ്നാദള്‍, ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി), ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് (ഐയുഎംഎല്‍), റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ആര്‍എസ്പി), ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, വിടുതലൈ ചിരുതൈകള്‍ കച്ചി, കൊങ്ങുനാട് മക്കള്‍ ദേശീയ കച്ചി, മനിതനേയ മക്കള്‍ കച്ചി, കേരളാ കോണ്‍ഗ്രസ് (മാണി), കേരളാ കോണ്‍ഗ്രസ് (ജോസഫ്) എന്നിവയാണ് മറ്റു സഖ്യകക്ഷികള്‍.


#Daily
Leave a comment