
ഉമർ ഖാലിദിൻറെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി
ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ഗവേഷകരും, രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകരുമായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുൾപ്പെടെ ഒമ്പത് പേരുടെ ജാമ്യാപേക്ഷകൾ ചൊവ്വാഴ്‌ച (സെപ്റ്റംബർ 2 ന്) ഡൽഹി ഹൈക്കോടതി തള്ളി. 2020ലെ ഡൽഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ഡൽഹി പോലീസ് ആരോപിച്ചതിനെ തുടർന്ന് അഞ്ച് വർഷത്തിലേറെയായി ജയിലിൽ കഴിയുന്നവരാണ് ഇവർ.
ജസ്റ്റിസ് നവീൻ ചൗള, ജസ്റ്റിസ് ഷാലിന്ദർ കൗർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് എല്ലാ അപ്പീലുകളും തള്ളി.
ഖാലിദിനും, ഇമാമിനും പുറമെ, അത്തർ ഖാൻ, ഖാലിദ് സൈഫി, മുഹമ്മദ് സലീം ഖാൻ, ഷിഫാ ഉർ റഹ്മാൻ, മീരാൻ ഹൈദർ, ഗുൾഫിഷ ഫാത്തിമ, ഷദാബ് അഹമ്മദ് എന്നിവരും അപ്പീലുകൾ ഫയൽ ചെയ്തിരുന്നു.
ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ്, ജസ്റ്റിസ് ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് സഹപ്രതി തസ്ലീം അഹമ്മദിന് ജാമ്യം നിഷേധിച്ചു.
"അപ്പീൽ തള്ളിയിരിക്കുന്നു," ഒരു ഡിവിഷൻ ബെഞ്ച് പറഞ്ഞതായി ലൈവ് ലോ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമവും, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമവും പ്രകാരം വിവിധ കുറ്റകൃത്യങ്ങൾ ഡൽഹി പോലീസിന്റെ പ്രത്യേക സെൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഗവേഷകരും, രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകരും അഞ്ച് വർഷത്തിലധികമായി തടവറകളിൽ കഴിയുന്നത്.


