TMJ
searchnav-menu
post-thumbnail

Representational image: PTI

TMJ Daily

രണ്ടാം കര്‍ഷക പ്രക്ഷോഭച്ചൂടില്‍ ഡല്‍ഹി

20 Mar 2023   |   1 min Read
TMJ News Desk

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി ഒരു വര്‍ഷത്തിലധികം നീണ്ട കര്‍ഷക പ്രക്ഷോഭത്തിനു ശേഷം, കിസാന്‍ മഹാ പഞ്ചായത്തിനായി കര്‍ഷകര്‍ വീണ്ടും രാജ്യ തലസ്ഥാനത്ത് ഒത്തുചേര്‍ന്നിരിക്കുകയാണ്. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി എത്തിയ പതിനായിരക്കണക്കിന് കര്‍ഷകര്‍ നിലവില്‍ ഡല്‍ഹിയിലെ രാംലീല മൈതാനത്ത് സംഘടിച്ചാണ് പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമം നടത്തപ്പെടുന്നത്.

2021 ല്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം അവസാനിക്കുമ്പോള്‍ നല്‍കിയ ഉറപ്പുകളൊന്നും കേന്ദ്ര സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്നാണ് കര്‍ഷകരുടെ പരാതി. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പിക്കുന്നതിന് നിയമപരമായ സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. വിളകളുടെ വില ഇടിഞ്ഞതു മൂലം മഹാരാഷ്ട്രയിലെ ഉള്ളി കര്‍ഷകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വിളകള്‍ വെറുതെ കളയേണ്ടി വന്നുവെന്നും കര്‍ഷകര്‍ പറയുന്നു. രാംലീല നടത്തപ്പെടുന്ന കിസാന്‍ മഹാ പഞ്ചായത്തില്‍ പങ്കെടുക്കുന്നതിന് പ്രധാനമായും പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.

2021 ഡിസംബറില്‍ സമരം അവസാനിപ്പിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഏതാനും കാര്യങ്ങളില്‍ രേഖാമൂലം ഉറപ്പു നല്‍കിയിരുന്നു. താങ്ങുവിലയ്ക്ക് നിയമ സംവിധാനം, വൈദ്യുതി നിയമത്തിന്മേലുള്ള ചര്‍ച്ച, സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കല്‍ എന്നിവ ഉള്‍പ്പടെയായിരുന്നു അവ. എന്നാല്‍ എഴുതിയ നല്‍കിയ ഉറപ്പുകളൊന്നും സര്‍ക്കാര്‍ പാലിച്ചിട്ടില്ല എന്നാണ് കര്‍ഷക സംഘടകളുടെ ആരോപണം. വൈദ്യുതി ഭേദഗതി നിയമം കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന സബ്‌സിഡി ഇല്ലാതാക്കുമെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. വൈദ്യുതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും സര്‍ക്കാര്‍ രേഖാമൂലം ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ അത് പാലിച്ചില്ല. നിലവില്‍, സെലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിട്ടിരിക്കുകയാണ് ബില്‍.

താങ്ങുവില നിശ്ചയിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി രൂപീകരിച്ച കമ്മിറ്റി പിരിച്ചുവിട്ട് കര്‍ഷക നേതാക്കളെ ഉള്‍പ്പെടുത്തി പുതിയ കമ്മിറ്റിയുണ്ടാക്കുക, കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളും കിസാന്‍ മഹാ പഞ്ചായത്ത് ഉന്നയിക്കുന്നുണ്ട്.




#Daily
Leave a comment