
ലോകത്തെ ഏറ്റവും കൂടുതൽ വായുമലിനീകരണമുള്ള നഗരങ്ങളുടെ പട്ടികയിൽ ഡൽഹിയും
ലോകത്തെ വായുമലിനീകരണ തോത് ഏറ്റവും കൂടുതലുള്ള നഗരങ്ങളുടെ പട്ടികയിൽ ഡൽഹിയെ ഉൾപ്പെടുത്തി എയർ ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യൂ എയർ. രാജ്യത്തെ വായുമലിനീകരണം കൂടുതലുള്ള നഗരങ്ങളുടെ പട്ടികയിൽ ഡൽഹി ഒന്നാം സ്ഥാനത്താണെന്ന് കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) നേരത്തെ അറിയിച്ചിരുന്നു. വായുഗുണമേന്മാ സൂചിക (എയർ ക്വാളിറ്റി ഇൻഡക്സ്) അനുസരിച്ച് നിലവിൽ ഡൽഹിയിലെ വായു മലിനീകരണം തീവ്രമാണ്. ഇതിൽ നിന്ന് അതിതീവ്രമായ നിലയിൽ വായുമലിനീകരണം സംഭവിക്കാനുള്ള സാധ്യതകൾ കൂടുതലാണ്.
കാറ്റിന്റെ വേഗത കുറഞ്ഞതോടെയാണ് ഡൽഹി നഗരത്തിൽ പുകമഞ്ഞ് നിറഞ്ഞത്. ഇതുമൂലം നഗരവാസികൾക്ക് ഈ സീസണിലെ ഏറ്റവും മലിനമായ വായുവാണ് ശ്വസിക്കേണ്ടി വന്നത്. വരും ദിവസങ്ങളിൽ കാറ്റിന്റെ വേഗത കൂടുമെന്ന പ്രതീക്ഷയിലാണ് നഗരവാസികൾ. പൂർണ്ണ ആരോഗ്യവാൻമാരായ ആളുകളുടെ ആരോഗ്യം പോലും ഈ മലിനമായ വായു ശ്വസിക്കുന്നതിലൂടെ മോശമാകാൻ സാധ്യതയുണ്ട്. നിലവിൽ രോഗബാധിതരായ ആളുകളുടെ അവസ്ഥ കൂടുതൽ സങ്കീർണ്ണമാക്കിയേക്കാമെന്ന് സിപിസിബി പറഞ്ഞു. വായുഗുണമേന്മാ സൂചിക അനുസരിച്ച് 301നും 400നുമിടയിലാണ് ഒരു നഗരത്തിലെ വായു ഉൾപ്പെടുന്നതെങ്കിൽ മോശമായും 401നും 500നുമിടയിലാണെങ്കിൽ ഏറ്റവും മോശമായും കണക്കാക്കുന്നു.
ഡൽഹിയിലെ സ്കൂളുകൾ അടിയന്തമായി അടച്ചിടാനും കുട്ടികളോടും മുതിർന്നവരോടും വീട് വിട്ട് പുറത്തേക്കിറങ്ങരുതെന്ന് നിർദ്ദേശിക്കണെമന്നും സംസ്ഥാന സർക്കാരിനോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. കഴിഞ്ഞവർഷം 2023ൽ വായു മലിനീകരണം കടുത്തതോടെ സ്കൂളുകൾ അടച്ചിടുകയും, ഓൺലൈൻ ക്ലാസുകൾക്കുള്ള സംവിധാനമുണ്ടാക്കുകയും ചെയ്തിരുന്നു. ഒരാഴ്ചയ്ക്ക് ശേഷവും മാറ്റമൊന്നും സംഭവിക്കാത്തതിനാൽ, അന്ന് സ്കൂളുകൾക്ക് ശൈത്യകാല അവധി മുൻകൂട്ടി പ്രഖ്യാപിച്ചാണ് പ്രതിസന്ധി മറികടക്കാൻ ശ്രമം നടത്തിയത്.
കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് തലസ്ഥാനത്ത് ഡീസൽ ജനറേറ്ററുകളുടെ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തുകയും പൊടി നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാഹചര്യത്തെ കൂടുതൽ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മാത്രമേ ഗ്രേഡ് 3 പ്രകാരം ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കഴിയൂവെന്ന് കേന്ദ്രസർക്കാരിന്റെ വായുഗുണമേന്മാ നിരീക്ഷണ ബോർഡ് (എയർ ക്വാളിറ്റി മോണിറ്ററിംഗ് ബോർഡ്) പറഞ്ഞു.


