
പ്രതിപക്ഷ നേതാവ് അതിഷി
ഡല്‍ഹി ഭരിക്കുന്നത് മുഖ്യമന്ത്രിയുടെ ഭര്‍ത്താവ്: എഎപി
ഡല്‍ഹി ഭരിക്കുന്നത് മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ ഭര്‍ത്താവാണെന്ന ഗുരുതര ആരോപണവുമായി ആംആദ്മി പാര്‍ട്ടി രംഗത്ത്. വിവിധ വകുപ്പുകളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ രേഖാ ഗുപ്തയുടെ ഭര്‍ത്താവ് പങ്കെടുത്തുവെന്ന് പ്രതിപക്ഷ നേതാവായ അതിഷി ആരോപിക്കുകയും ഫോട്ടോ പുറത്ത് വിടുകയും ചെയ്തു.
മുഖ്യമന്ത്രിയെ അപമാനിക്കുന്ന പ്രസ്താവന അതിഷി നടത്തിയെന്ന് ഡല്‍ഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു.
രേഖ ഗുപ്ത കഠിന പ്രയത്‌നത്തിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയും പാര്‍ട്ടിയില്‍ ഉയര്‍ന്നു വന്നതാണെന്ന് വീരേന്ദ്ര എക്‌സില്‍ പോസ്റ്റ് ചെയ്തു. ജനപ്രതിനിധികളെ കുടുംബാംഗങ്ങള്‍ പിന്തുണയ്ക്കുന്ന സാധാരണമാണെന്നും വീരേന്ദ്ര ന്യായീകരിച്ചു.
മുഖ്യമന്ത്രിയുടെ ഭര്‍ത്താവ് യോഗത്തില്‍ പങ്കെടുക്കുന്നതിന്റെ ഫോട്ടോ അതിഷി എക്‌സില്‍ പങ്കുവച്ചു. ഗ്രാമങ്ങളില്‍ പതിവായി കാണുന്നത് പോലെ ഡല്‍ഹി സര്‍ക്കാരിനെ നയിക്കുന്നത് മുഖ്യമന്ത്രിയുടെ ഭര്‍ത്താവാണെന്ന് അവര്‍ കുറിച്ചു.
ഗ്രാമങ്ങളില്‍ സര്‍പഞ്ചായി വനിത തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അവരുടെ ഭര്‍ത്താവാണ് എല്ലാ സര്‍ക്കാര്‍ പ്രവൃത്തികളും ചെയ്യുന്നതെന്ന് കേട്ടിട്ടുണ്ടെന്ന് അതിഷി പറഞ്ഞു. എന്നാല്‍ ഒരു വനിത മുഖ്യമന്ത്രി ആയപ്പോള്‍ എല്ലാ സര്‍ക്കാര്‍ ജോലികളും അവരുടെ ഭര്‍ത്താവ് ചെയ്യുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാകുമെന്നും അതിഷി പറഞ്ഞു.
വനിതാ നേതാവായ അതിഷി മറ്റൊരു വനിത നേതാവിനെ അപമാനിക്കുന്നത് അതിശയകരമാണെന്ന് വീരേന്ദ്ര പറഞ്ഞു. രേഖാ ഗുപ്തയുടെ ഭര്‍ത്താവ് അവരെ പിന്തുണയ്ക്കുന്നത് നിയമവിരുദ്ധമോ അധാര്‍മ്മികമോ അല്ലെന്നും വീരേന്ദ്ര കൂട്ടിച്ചേര്‍ത്തു.