PHOTO: FACEBOOK
ഡല്‍ഹി മദ്യനയ കേസ്; അരവിന്ദ് കെജ്‌രിവാള്‍ അഞ്ചാം തവണയും ഇ ഡിക്ക് മുന്നില്‍ ഹാജരാവില്ല.
ഡല്‍ഹി മദ്യനയ കേസില്‍ ചോദ്യം ചെയ്യലിനായി ഇ ഡി ക്ക് മുന്നില്‍ അഞ്ചാം തവണയും ഹാജരാവില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇ ഡി നല്‍കിയ സമന്‍സ് നിയമവിരുദ്ധമാണെന്നും അറസ്റ്റ് ചെയ്യുകയാണ് ലക്ഷ്യമെന്നും ചൂണ്ടികാട്ടി ജനുവരി 19 ലെ ചോദ്യം ചെയ്യലില്‍ നിന്ന് കെജ്‌രിവാള്‍ ഒഴിവായിരുന്നു. നവംബര്‍ 2, ഡിസംബര്‍ 21, ജനുവരി 3 തിയ്യതികളില്‍ മൂന്ന് തവണ സമന്‍സ് അയച്ചിട്ടും അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാന്‍ കെജ്‌രിവാള്‍ വിസമ്മതിച്ചിരുന്നു.
നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ആം ആദ്മി പാര്‍ട്ടി
ഇ ഡി യുടെ നടപടി രാഷ്ട്രീയ പ്രേരിതവും നിയമവിരുദ്ധവുമാണെന്ന് എ എ പി. അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് ഡല്‍ഹി സര്‍ക്കാരിനെ താഴെയിറക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്നും ഇത് സംഭവിക്കാന്‍ അനുവദിക്കില്ലെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യ സമന്‍സ് അയച്ചത് മുതല്‍ ഡല്‍ഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുമെന്ന ഊഹാപോഹങ്ങള്‍ ശക്തമായിരുന്നു. ആം ആദ്മി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, വിജയ് നായര്‍ എന്നിവരെ ഇ ഡി അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുരുക്കായ മദ്യനയം
2021 നവംബറില്‍ നടപ്പിലാക്കിയ മദ്യനയമാണ് കേസിനാസ്പദം. ഡല്‍ഹി സംസ്ഥാനത്തെ ചില്ലറ മദ്യവില്‍പ്പന മേഖലയിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞ് സ്വകാര്യ മേഖലയ്ക്ക് കടന്നുവരാന്‍ വഴിയൊരുക്കിയതായിരുന്നു ഡല്‍ഹി എക്‌സൈസ് നയം 2021-22. എന്നാല്‍ ഇത് രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി നടന്നുവെന്നാണ് കേസ്.
പുതിയ മദ്യനയത്തിന്റെ ഭാഗമായി ലൈസന്‍സ് കിട്ടാന്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി സിസോദിയയുടെ പരിചയക്കാര്‍ മദ്യവ്യാപാരികളില്‍ നിന്നും കോടികള്‍ കോഴ വാങ്ങിയെന്നാണ് കേസ്. 2021 നവംബര്‍ മുതലാണ് പുതിയ മദ്യനയം ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കിയത്. അതുവരെ സര്‍ക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള വിവിധ ഔട്ട്‌ലെറ്റുകളിലൂടെയായിരുന്നു മദ്യവില്‍പന നടത്തിയിരുന്നത്.
പുതുക്കിയ മദ്യനയപ്രകാരം സര്‍ക്കാര്‍ മദ്യവില്‍പനയില്‍ നിന്നും പൂര്‍ണമായി പിന്‍മാറിയിട്ടുണ്ട്. ഡല്‍ഹിയെ 32 സോണുകളാക്കി തിരിച്ച് ഓരോ സോണിലും 27 കടകള്‍ വീതം 864 ഔട്ട്‌ലെറ്റുകള്‍ക്കാണ് ടെന്‍ഡര്‍ വിളിച്ച് അനുമതി നല്‍കിയത്. രാജ്യതലസ്ഥാനത്തു നിന്നും മദ്യമാഫിയയെ ഇല്ലാതാക്കാനാണ് നടപടിയെന്നായിരുന്നു ആം ആദ്മി സര്‍ക്കാരിന്റെ വിശദീകരണം. കേസില്‍ മനീഷ് സിസോദിയയാണ് ഒന്നാം പ്രതി. എക്‌സൈസ് വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്. മുംബൈ മലയാളിയും വ്യവസായിയുമായ വിജയ് നായരാണ് കേസിലെ അഞ്ചാംപ്രതി.
2022 ജൂലൈയിലാണ് മദ്യനയത്തില്‍ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ചീഫ് സെക്രട്ടറി നരേഷ് കുമാര്‍ ലെഫ്റ്റനന്റ്് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് ഗവര്‍ണര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. ഗവണ്‍മെന്റ് ഉടമസ്ഥതയില്‍ അല്ലാത്ത എല്ലാ മദ്യ ഷോപ്പുകളും അടച്ചു പൂട്ടാന്‍ ഉപമുഖ്യമന്ത്രി ആയിരുന്ന മനീഷ് സിസോദിയ ഉത്തരവിട്ടു. പിന്നീട് 2022 ഓഗസ്റ്റ് 17 ന് സിസോദിയ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ സിബിഐ കേസെടുത്തു. 2023 ഫെബ്രുവരി 26 ന് സിസോദിയയെ അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 4 ന് ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭ എംപി സഞ്ജയ് സിങും അറസ്റ്റ് ചെയ്യപ്പെട്ടു. ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്നിനെയും അറസ്റ്റ് ചെയ്തിരുന്നു.