TMJ
searchnav-menu
post-thumbnail

PHOTO: WIKI COMMONS

TMJ Daily

ഡല്‍ഹി മദ്യനയക്കേസ്; ആം ആദ്മി നേതാവ് സഞ്ജയ് സിങ്ങിന് ജാമ്യം

02 Apr 2024   |   2 min Read
TMJ News Desk

ല്‍ഹി മദ്യനയ കേസില്‍ ആം ആദ്മി നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിങ്ങിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജാമ്യാപേക്ഷ ഇഡി എതിര്‍ത്തില്ല. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത, പി ബി വരലെ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥകള്‍ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും കോടതി അറിയിച്ചു. ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇഡി പക്ഷത്ത് നിന്നും ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയില്‍ അറിയിക്കുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം സഞ്ജയ് സിങ്ങിന്റെ പക്കല്‍ നിന്നും പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. 

മദ്യനയക്കേസില്‍ ആറുമാസമാണ് സഞ്ജയ് സിങ്ങ് തിഹാര്‍ ജയിലില്‍ കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ നാലിനാണ് സഞ്ജയ് സിങ്ങിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. മദ്യനയത്തിന്റെ മറവില്‍ എഎപിക്ക്് പാര്‍ട്ടി ഫണ്ട് സ്വരൂപിക്കാന്‍ ഇടനിലക്കാരനായ ദിനേശ് അറോറയെ പ്രയോജനപ്പെടുത്തിയെന്നാണ് ഇ ഡി കുറ്റപത്രത്തിലെ ആരോപണം. വ്യവസായിയായ ദിനേശ് അറോറ രണ്ട് കോടി രൂപ സഞ്ജയ് സിങ്ങിന് കൈമാറിയെന്നും ഇഡി ചൂണ്ടിക്കാട്ടി. 

ഫെബ്രുവരിയില്‍ ഡല്‍ഹി കോടതി സഞ്ജയ് സിങ്ങിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്തുള്ള ഹര്‍ജിയും കോടതി നിരസിച്ചു. മദ്യനയക്കേസില്‍ അറസ്റ്റിലായവരില്‍ ആദ്യമായാണ് ഒരു നേതാവിന് ജാമ്യം ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഏപ്രില്‍ 15 വരെ കസ്റ്റഡിയില്‍ വിട്ടതിന് തൊട്ടുപിന്നാലെയാണ് ജാമ്യം.

മദ്യനയക്കേസ് 

വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ കീഴിലായിരുന്ന മദ്യവില്‍പനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ കെജ്രിവാള്‍ സര്‍ക്കാര്‍ നടപ്പാക്കിയ നയത്തില്‍ അഴിമതിയുണ്ടെന്നാണ് കേസ്. ചില സ്വകാര്യ കമ്പനികള്‍ക്ക് മൊത്തവ്യാപാര ലാഭത്തിന്റെ 12 ശതമാനം നല്‍കാനുള്ള നയത്തിന്റെ ഭാഗമായാണ് എക്‌സൈസ് നയം നടപ്പിലാക്കിയതെന്നാണ് ഇഡിയുടെ ആരോപണം. 2021 നവംബര്‍ 17 നാണ് ഡല്‍ഹി സര്‍ക്കാര്‍ മദ്യനയം പ്രാബല്യത്തില്‍ വരുത്തിയത്. ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്‌സേനയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ക്രമക്കേട് ചൂണ്ടിക്കാട്ടി സിബിഐ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതോടെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ 2022 ജൂലൈ 31 നു മദ്യനയം പിന്‍വലിച്ചു. മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇതുവരെ കെജ്രിവാളിന് പുറമെ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭ എംപി സഞ്ജയ് സിങ്, ആം ആദ്മി നേതാവ് വിജയ് നായര്‍ എന്നിവരെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്.



#Daily
Leave a comment