അരവിന്ദ് കെജ്‌രിവാള്‍ | PHOTO: WIKI COMMONS
ഡല്‍ഹി മദ്യനയക്കേസ്; അരവിന്ദ് കെജ്‌രിവാളിന് കോടതി ജാമ്യം അനുവദിച്ചു
മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ച് കോടതി. ഡല്‍ഹി റോസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇ.ഡി നല്‍കിയ ഹര്‍ജിയില്‍ ശനിയാഴ്ച നേരിട്ട് ഹാജരാകണമെന്ന് മജിസ്‌ട്രേറ്റ് കോടതി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. സമന്‍സ് നല്‍കിയിട്ടും തുടര്‍ച്ചയായി എട്ട് തവണ ഇ.ഡി യുടെ മുന്നില്‍ കെജ്‌രിവാള്‍ ഹാജരായിരുന്നില്ല. നേരിട്ട് ഹാജരാകാനുള്ള സമന്‍സ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി സെഷന്‍സ് കോടതി തള്ളിയിരുന്നു. നിരന്തരമായി നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതില്‍ ഇ ഡി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്. 2021-22 വര്‍ഷത്തില്‍ മദ്യവില്‍പ്പനയ്ക്കുള്ള ലൈസന്‍സ് അനുവദിക്കാന്‍ പണം വാങ്ങിയെന്നാണ് കെജ്‌രിവാളിനെതിരായ ആരോപണം.
ബി ആര്‍ എസ് നേതാവ് കവിതയെ അറസ്റ്റ് ചെയ്ത് ഇ ഡി
ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ബി ആര്‍ എസ് നേതാവ് കെ കവിതയെ ഇ ഡി വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കവിതയുടെ വീട്ടില്‍ നടന്ന റെയ്ഡിന് ശേഷം വൈകീട്ട് അഞ്ചരയോടെയായിരുന്നു അറസ്റ്റ്. കേസില്‍ കഴിഞ്ഞവര്‍ഷം മൂന്ന് തവണ ഇവരെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ഈ വര്‍ഷം ഇ ഡി സമന്‍സ് അയച്ചിട്ടും കവിത ഹാജരായിരുന്നില്ല. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്നാണ് കവിതക്കുമേല്‍ നിലനില്‍ക്കുന്ന കേസ്. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇപ്പോഴും ജയിലിലാണ്.