മനീഷ് സിസോദിയ | Photo: PTI
മദ്യനയ അഴിമതി: സിസോദിയയ്ക്ക് ജാമ്യമില്ല
മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സിസോദിയയ്‌ക്കെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍മയുടെ ഏകാംഗ ബെഞ്ച് ജാമ്യം നിഷേധിച്ചത്. മനീഷ് സിസോദിയയ്‌ക്കെതിരായ ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്ന് ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി നിരീക്ഷിച്ചു.
മനീഷ് സിസോദിയ സ്വാധീനമുള്ളയാളാണെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം തള്ളിക്കളയാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സിസോദിയ. സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം കണക്കിലെടുത്ത് റോസ് അവന്യൂ കോടതി സിസോദിയയുടെ കസ്റ്റഡി ജൂണ്‍ ഒന്നുവരെ നീട്ടി. കൂടാതെ, സിസോദിയയ്ക്ക് ജയിലില്‍ മേശയും കസേരയും പുസ്തകങ്ങളും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ജാമ്യാപേക്ഷ തള്ളുന്നത് പതിവാകുന്നു
ഫെബ്രുവരി 26 നായിരുന്നു സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. 2021-22 വര്‍ഷത്തേക്കുള്ള എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി നടത്തിയെന്ന കേസിലാണ് സിസോദിയയ്ക്ക് എതിരായ കേസ്. മാര്‍ച്ച് ഒമ്പതിന് ഇഡിയും സിസോദിയയെ അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി ജൂണ്‍ ഒന്നുവരെ നീട്ടിയിരുന്നു. 2022 ജൂലൈക്ക് മുമ്പ് സിസോദിയ ഉപയോഗിച്ചിരുന്ന രണ്ടു ഫോണുകള്‍ നശിപ്പിച്ചുവെന്ന് അദ്ദേഹം തന്നെ സമ്മതിച്ചതായും സിബിഐ വ്യക്തമാക്കി. 2020 ജനുവരി ഒന്നു മുതല്‍ 2022 ആഗസ്റ്റ് 19 വരെ മൂന്നു ഫോണുകള്‍ സിസോദിയ ഉപയോഗിച്ചിട്ടുണ്ട്. അവസാനം ഉപയോഗിച്ച ഫോണ്‍ പിടിച്ചെടുത്തു. മറ്റു രണ്ടു ഫോണുകള്‍ സിസോദിയ നശിപ്പിച്ചുവെന്നും സിബിഐ വ്യക്തമാക്കി.
നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലാണ് മനീഷ് സിസോദിയ. നേരത്തെ മാര്‍ച്ചിലും മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇഡി യുടെ കേസിലെ സിസോദിയയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. മദ്യനയക്കേസിന്റെ പിന്നിലെ സൂത്രധാരന്‍ മനീഷ് സിസോദിയയാണെന്നും അദ്ദേഹം സാമ്പത്തിക ലാഭം ഉണ്ടാക്കാന്‍ കൂട്ടുപ്രതികള്‍ക്ക് മദ്യനയം ബോധപൂര്‍വം ചോര്‍ത്തി നല്‍കിയെന്നുമാണ് ഇഡി പറയുന്നത്. എന്നാല്‍, കേസില്‍ സിസോദിയയ്‌ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടുവെന്നായിരുന്നു സിസോദിയയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദയന്‍ കൃഷ്ണയുടെ വാദം. സിസോദിയ ഒഴികെ മദ്യനയക്കേസില്‍ കുറ്റാരോപിതരായവരെ സിബിഐ ജാമ്യം നല്‍കി വിട്ടയച്ചുവെന്നും ദയന്‍ കൃഷ്ണ ചൂണ്ടിക്കാട്ടി.
കുരുക്കായ മദ്യനയം
2021 നവംബറില്‍ നടപ്പിലാക്കിയ മദ്യ നയമാണ് കേസിനാസ്പദം. പുതിയ മദ്യനയത്തിന്റെ ഭാഗമായി ലൈസന്‍സ് കിട്ടാന്‍ സിസോദിയയുടെ പരിചയക്കാര്‍ മദ്യവ്യാപാരികളില്‍ നിന്നും കോടികള്‍ കോഴ വാങ്ങിയെന്നാണ് കേസ്. 2021 നവംബര്‍ മുതലാണ് പുതിയ മദ്യനയം ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കിയത്. അതുവരെ സര്‍ക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള വിവിധ ഔട്ട്‌ലെറ്റുകളിലൂടെയായിരുന്നു മദ്യവില്‍പന നടത്തിയിരുന്നത്.
പുതുക്കിയ മദ്യനയപ്രകാരം സര്‍ക്കാര്‍ മദ്യവില്‍പനയില്‍ നിന്നും പൂര്‍ണമായി പിന്‍മാറിയിട്ടുണ്ട്. ഡല്‍ഹിയെ 32 സോണുകളാക്കി തിരിച്ച് ഓരോ സോണിലും 27 കടകള്‍ വീതം 864 ഔട്ട്‌ലെറ്റുകള്‍ക്കാണ് ടെന്‍ഡര്‍ വിളിച്ച് അനുമതി നല്‍കിയത്. രാജ്യതലസ്ഥാനത്തു നിന്നും മദ്യമാഫിയയെ ഇല്ലാതാക്കാനാണ് നടപടിയെന്നാണ് ആം ആദ്മി സര്‍ക്കാരിന്റെ വിശദീകരണം. കേസില്‍ മനീഷ് സിസോദിയയാണ് ഒന്നാം പ്രതി. എക്‌സൈസ് വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്. മുംബൈ മലയാളിയും വ്യവസായിയുമായ വിജയ് നായരാണ് കേസിലെ അഞ്ചാംപ്രതി.