
എഎപിയിൽ നിന്ന് രാജി വച്ച് ഡൽഹി മന്ത്രി കൈലാഷ് ഗെലോട്ട്
ഡൽഹി മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ കൈലാഷ് ഗെലോട്ട് പാർട്ടിയിൽ നിന്ന് രാജി വച്ചു. അരവിന്ദ് കെജ്രിവാളിനെ വിമർശിച്ചാണ് രാജിക്കത്ത്. ഫെബ്രുവരിയിൽ ഡൽഹിയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കൈലാഷ് ഗെലോട്ടിന്റെ രാജി. ഗതാഗതം, നിയമം, ആഭ്യന്തരം, ഐടി വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് കൈലാഷ് ഗെലോട്ട്.
ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ നിന്ന് സ്വന്തം രാഷ്ട്രീയ അജണ്ടകൾക്ക് വേണ്ടിയുള്ള പോരാട്ടത്തിലേക്ക് പാർട്ടി മാറിയെന്ന് കത്തിൽ കൈലാഷ് ഗെലോട്ട് ആരോപിച്ചു. ഡൽഹിയിലെ ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ എത്തിക്കാനുള്ള പാർട്ടിയുടെ കഴിവിനെയും ഇത് ബാധിച്ചിട്ടുണ്ട്. ഡൽഹി സർക്കാർ ഭരണകാലം മുഴുവൻ കേന്ദ്രവുമായുള്ള പോരാട്ടത്തിന് ഉപയോഗിച്ചാൽ പുരോഗതിയുണ്ടാവാൻ യാതൊരു സാധ്യതകളും കാണുന്നില്ലെന്ന് കത്തിൽ പറഞ്ഞു.
ആംആദ്മി പാർട്ടി ഗുരുതരമായ വെല്ലുവിളികൾ നേരിടുന്നുവെന്ന ആരോപണവും ഗെലോട്ട് ഉന്നയിക്കുന്നു. ആംആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിനും മന്ത്രി അതിഷിക്കുമാണ് ഗെലോട്ട് രാജിക്കത്ത് അയച്ചത്. ഡൽഹിയിലെ ജനങ്ങൾക്ക് നൽകിയ പ്രധാന വാഗ്ദാനങ്ങൾ പാലിക്കാൻ പാർട്ടിക്ക് സാധിച്ചില്ലെന്നാണ് പ്രധാനമായും രാജിക്കത്തിൽ പറയുന്നത്. യമുന നദി ശുചീകരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും കത്തിലുണ്ട്. അതേസമയം അരവിന്ദ് കെജ്‌രിവാളിൻ്റെ പുതിയ ഔദ്യോഗിക ബംഗ്ലാവുമായി ബന്ധപ്പെട്ട വിവാദങ്ങളും കത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.


