TMJ
searchnav-menu
post-thumbnail

TMJ Daily

ബ്രിജ് ഭൂഷണെതിരെ കുറ്റപത്രം സമർപ്പിച്ചു; പോക്‌സോ കേസിൽ തെളിവില്ലെന്ന് പൊലീസ്

15 Jun 2023   |   2 min Read
TMJ News Desk

ന്ത്യൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണങ്ങളിൽ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഡൽഹി പട്യാല കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അതേസമയം, ബ്രിജ് ഭൂഷണെതിരെ ചുമത്തിയ പോക്‌സോ കേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടും പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. ജൂലൈ നാലിനു കേസിൽ വാദം കേൾക്കും.

ജൂൺ 7 ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ഒളിമ്പിക്സ് മെഡൽ ജേതാക്കളായ ബജ്റംഗ് പുനിയ, സാക്ഷി മാലിക് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജൂൺ 15-നകം കേസിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. കേന്ദ്രമന്ത്രിയുടെ ഉറപ്പിനെത്തുടർന്നാണ് താരങ്ങൾ സമരത്തിൽ നിന്ന് പിന്മാറിയത്.

അപൂർവ നടപടി സ്വീകരിച്ച് പൊലീസ്

ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങളിൽ തെളിവുകൾ കൈമാറണമെന്ന് ഡൽഹി പൊലീസിന്റെ നിർദേശത്തെ തുടർന്ന് താരങ്ങൾ തെളിവുകൾ സമർപ്പിച്ചിരുന്നു. കൂടാതെ വിദേശത്തു നടന്ന ടൂർണമെന്റുകളിൽ തങ്ങളെ ഉപദ്രവിച്ചതായി ഗുസ്തി താരങ്ങൾ ആരോപിച്ചതിനെത്തുടർന്ന് അഞ്ച് രാജ്യങ്ങളിലെ ഗുസ്തി ഫെഡറേഷനുകൾക്ക് സിസിടിവി ദൃശ്യങ്ങളും വിവരങ്ങളും ആവശ്യപ്പെട്ട് ഡൽഹി പൊലീസ് നോട്ടീസ് അയക്കുകയുണ്ടായി. ഇന്തൊനേഷ്യ, ബൾഗേറിയ, കിർഗിസ്ഥാൻ, മംഗോളിയ, കസാഖിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ഗുസ്തി ഫെഡറേഷനുകൾക്കാണ് നോട്ടീസ് അയച്ചത്. ഫെഡറേഷനുകൾ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും ബ്രിജ് ഭൂഷണെതിരായുള്ള ആരോപണം തെളിഞ്ഞാൽ പൊലീസ് അനുബന്ധ കുറ്റപത്രം സമർപ്പിക്കും.  

അന്വേഷണത്തിന്റെ ഭാഗമായി ഡൽഹി പൊലീസ് പരാതിക്കാരിയായ ഒരു വനിതാ ഗുസ്തി താരത്തെ ഗുസ്തി ഫെഡറേഷൻ ഓഫീസിലേക്ക് കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു. താരത്തോട് പീഡനം ആരോപിക്കപ്പെട്ട രംഗം പുനഃസൃഷ്ടിക്കാൻ പൊലീസ് ആവശ്യപ്പെട്ടതായും താരം പിന്നീട് അറിയിച്ചു. പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾ, പരിശീലകർ, റഫറിമാർ എിവരുൾപ്പെടെ 200ൽ അധികം ആളുകളിൽ നിന്ന് അന്വേഷണ സംഘം ഇതുവരെ മൊഴി രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ഗുസ്തി ഫെഡറേഷനിലെ പ്രവർത്തകരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.  

ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പ് ജൂലൈ 4 ന്

ആരോപണങ്ങൾക്കിടെ ഗുസ്തി ഫെഡറേഷന്റെ തിരഞ്ഞെടുപ്പ് നടത്താൻ ഇന്ത്യൻ ഒളിംപിക്‌സ് ഫെഡറേഷൻ തീരുമാനിച്ചു. ജൂലൈ നാലിന് നടത്താനാണ് നിലവിലെ തീരുമാനം. ജമ്മുകാശ്മീർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് മഹേഷ് മിത്തൽ കുമാറിനെ റിട്ടേണിങ് ഓഫീസറായി നിയമിക്കാനാണ് നീക്കം. ഗുസ്തി ഫെഡറേഷന്റെ ദൈനംദിന പരിപാടികൾ നിയന്ത്രിക്കുന്നതിന് രണ്ട് പേരെ ചുമതലപ്പെടുത്തിയിരുന്നു. ജൂൺ മുപ്പതിനകം ഫെഡറേഷൻ തിരഞ്ഞെടുപ്പ് നടത്താനായിരുന്നു കേന്ദ്ര സർക്കാർ നിർദേശം നല്കിയത്. ബ്രിജ് ഭൂഷണെതിരെ ലൈംഗികാതിക്രമ പരാതി ഉയർന്നതോടെയാണ് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്.

ആരോപണങ്ങൾ ശക്തമായതിനെത്തുടർന്ന് സമരത്തിന് രാജ്യത്തെ കർഷക സംഘടനകൾ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതിനിടെ ലോക്‌സഭയിലേക്ക് വീണ്ടും മത്സരിക്കുമെന്ന് യുപിയിലെ ഗോണ്ടയിൽ നടത്തിയ റാലിയിൽ ബ്രിജ് ഭൂഷൺ പ്രഖ്യാപിച്ചു. മോദി സർക്കാരിന്റെ 9-ാം വാർഷികത്തിന്റെ ഭാഗമായിട്ടായിരുന്നു റാലി. യുപിയിലെ കൈസർഗഞ്ചിൽ നിന്നുള്ള ബിജെപി എംപിയാണ് ബ്രിജ് ഭൂഷൺ.

ഏഷ്യൻ ഗെയിംസ് ബഹിഷ്‌കരിക്കാൻ താരങ്ങൾ

പ്രശ്നങ്ങൾ പരിഹരിക്കാതെ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കില്ലെന്നും, ഓരോ ദിവസവും കടന്നുപോകുന്നത് കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാണെന്നും സാക്ഷി മാലിക് വ്യക്തമാക്കി. ജൂൺ 15 നുള്ളിൽ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം ജൂൺ 16 മുതൽ സമരം തെരുവിലേക്ക് വ്യാപിപ്പിക്കുമെന്നും ബജ്റംഗ് പൂനിയ പറഞ്ഞു. ബ്രിജ് ഭൂഷന്റെ സാന്നിധ്യത്തിൽ നടത്തിയ തെളിവെടുപ്പ് മാനസിക സമ്മർദ്ദമുണ്ടാക്കിയതായും താരങ്ങൾ പറയുന്നു. ഡൽഹി പൊലീസിന്റെ നടപടിക്കെതിരെ അന്വേഷണം വേണമെന്ന് ത്രിണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലെ ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷയോട് ആവശ്യപ്പെട്ടു.


#Daily
Leave a comment