TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യം ശക്തം; ബൈഡനെതിരെ പലസ്തീന്‍ അനുകൂലികള്‍ 

09 Jan 2024   |   1 min Read
TMJ News Desk

യുഎസിലെ സൗത്ത് കരോലീനയില്‍ പ്രസിഡന്റ് ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണം പലസ്തീന്‍ അനുകൂലികള്‍ തടസ്സപ്പെടുത്തി. ഇമ്മാനുവല്‍ ആഫ്രിക്കന്‍ മെതോഡിസ്റ്റ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ചില്‍ പ്രസംഗിക്കുന്നതിനിടെയാണ് ബൈഡനു മുന്നില്‍ പ്രതിഷേധക്കാര്‍ അണിനിരന്നത്.

ബൈഡന്റെ പ്രസംഗത്തിനിടെ വേദിയുടെ പിന്നിലിരുന്ന പ്രതിഷേധക്കാര്‍ എഴുന്നേറ്റ് ഗാസയിലെ പലസ്തീനികളുടെ ജീവന് വിലകല്പിക്കാത്തതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തുവരുകയായിരുന്നു. എത്രയുംവേഗം വെടിനിര്‍ത്തലിന് അനുമതി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, വെടിനിര്‍ത്തലിന് ഇസ്രയേല്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതായി ബൈഡന്‍ പ്രതികരിച്ചു. 

വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ന്യൂയോര്‍ക്കിലും പലസ്തീന്‍ അനുകൂലികള്‍ റാലി സംഘടിപ്പിച്ചിരുന്നു. ന്യൂയോര്‍ക്കിലെ മൂന്നു പ്രധാന പാലങ്ങളും ഒരു തുരങ്കകവാടവും ഉപരോധിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. നഗരത്തിലെ ബ്രൂക്ലിന്‍, മാന്‍ഹട്ടന്‍, വില്യംസ്ബര്‍ഗ് അടക്കമുള്ള പാലങ്ങള്‍ പ്രതിഷേധത്തെ തുടര്‍ന്ന് മണിക്കൂറുകളോളം അടച്ചിട്ടു.   

ഇസ്രയേല്‍ അതിര്‍ത്തിയില്‍ പലായനം 

ഹിസ്ബുല്ല കമാന്‍ഡറുടെ കൊലപാതകത്തെ തുടര്‍ന്ന് ആക്രമണ ഭീഷണി നിലനില്‍ക്കുന്ന ഇസ്രയേല്‍ അതിര്‍ത്തിയില്‍ നിന്ന് ആയിരങ്ങള്‍ ഒഴിഞ്ഞു. പ്രത്യാക്രമണം ഭയന്നാണ് ജനങ്ങള്‍ പലായനം ചെയ്യുന്നത്. എന്നാല്‍ വടക്കന്‍ ഇസ്രയേലിലെത്തിയ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈനികരുമായി കൂടിക്കാഴ്ച നടത്തി. 

അതേസമയം, നെതന്യാഹുവിന് രാജ്യത്തെ നയിക്കാന്‍ യോഗ്യതയില്ലെന്ന പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് യാഇര്‍ ലാപിഡ് രംഗത്തെത്തി. തിരഞ്ഞെടുപ്പിലൂടെയോ ബദല്‍ സര്‍ക്കാര്‍ രൂപവത്കരണത്തിലൂടെയോ നെതന്യാഹുവിനെ താഴെയിറക്കാനുള്ള ശ്രമത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ലാപിഡ് പറഞ്ഞു.

സംഘര്‍ഷം തുടരുന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയില്‍ മാത്രം 100 ലേറെ ഇസ്രയേല്‍ സൈനികര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കൂടാതെ വടക്കന്‍ ഇസ്രയേലിനു നേരെയുണ്ടായ ഹിസ്ബുല്ല ആക്രമണത്തില്‍ സൈനിക താവളത്തിനു വന്‍ നാശനഷ്ടവും ഉണ്ടായി. 40 റോക്കറ്റുകളും നിരവധി മിസൈലുകളും ഹിസ്ബുല്ല താവളത്തിലേക്കു വിക്ഷേപിച്ചതായാണ് റിപ്പോര്‍ട്ട്. 

ഹമാസ് നേതാവ് സാലിഹ് അല്‍ ആറൂരിയുടെ കൊലപാതകത്തിനു പ്രതികാരമായാണ് സൈനികതാവളത്തിനു നേരെ ആക്രമണം ഉണ്ടായത്. ഗാസയില്‍ ഇതുവരെ 23,084 പേര്‍ മരിച്ചു. 58,926 പേര്‍ക്ക് പരുക്കേറ്റു.


#Daily
Leave a comment