TMJ
searchnav-menu
post-thumbnail

TMJ Daily

ആവശ്യപ്പെടുന്നത് ഭാഷാ തുല്യത, ആധിപത്യം അല്ല: എം കെ സ്റ്റാലിന്‍

06 Mar 2025   |   1 min Read
TMJ News Desk

മാതൃഭാഷയെന്ന വിഷയം ഒരു കടന്നല്‍ക്കൂടാണെന്നും അതിനെ തൊടുന്നത് അപകടകരമാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.

സവിശേഷാവകാശങ്ങള്‍ നിങ്ങള്‍ക്ക് ശീലമാകുമ്പോള്‍ തുല്യത നിങ്ങള്‍ക്ക് അടിച്ചമര്‍ത്തലായി തോന്നുമെന്ന പ്രശസ്തമായ ഉദ്ധരണിയുമായി എം കെ സ്റ്റാലിന്‍ കേന്ദ്രത്തിന്റെ ത്രിഭാഷ പദ്ധതിയ്‌ക്കെതിരെ എക്‌സില്‍ പോസ്റ്റ് പങ്കുവച്ചു.

തമിഴ്‌നാട്ടില്‍ തമിഴിന് ന്യായമായ ഇടം ആവശ്യപ്പെടുന്ന 'കുറ്റകൃത്യത്തിന്' ചില സവിശേഷാധികാരമുള്ള ഭ്രാന്തന്‍മാര്‍ ഞങ്ങളെ ഷോവനിസ്റ്റുകളെന്നും ദേശവിരുദ്ധരെന്നും വിളിക്കുമ്പോള്‍ താന്‍ ഈ പ്രശസ്തമായ ഉദ്ധരണി ഓര്‍മ്മിച്ചുവെന്ന് സ്റ്റാലിന്‍ പറഞ്ഞു.

ഗോഡ്‌സെയുടെ ആശയത്തെ മഹത്വവല്‍ക്കരിക്കുന്നവര്‍ ഡിഎംകെയുടെ ദേശഭക്തിയെ ചോദ്യം ചെയ്യുകയെന്ന ധിക്കാരം കാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ ആശയ പൂര്‍വപിതാവ് 'ബാപ്പു' ഗാന്ധിയെ വധിച്ചവരില്‍ ഒരാളാകുമ്പോള്‍ ഡിഎംകെയുടെ സര്‍ക്കാര്‍ ചൈനീസ് അധിനിവേശം, ബംഗ്ലാദേശ് വിമോചന യുദ്ധം, കാര്‍ഗില്‍ യുദ്ധം എന്നിവയില്‍ ഏറ്റവും കൂടുതല്‍ പണം നല്‍കിയിരുന്നുവെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു.

ഭാഷാപരമായ തുല്യത ആവശ്യപ്പെടുന്നത് ഷോവനിസം അല്ല. ഷോവനിസം എന്താണെന്ന് നിങ്ങള്‍ക്ക് അറിയാന്‍ താല്‍പര്യമുണ്ടോയെന്ന് ചോദിച്ചു കൊണ്ട് ഷോവനിസത്തിന് ഉദാഹരണം നല്‍കി. തമിഴര്‍ക്ക് ഉച്ചരിക്കാനോ വായിച്ചു മനസ്സിലാക്കാനോ അറിയാത്ത ഒരു ഭാഷയില്‍ 140 കോടി പൗരന്‍മാര്‍ക്കുവേണ്ടിയുള്ള മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ക്ക് നാമകരണം നടത്തുന്നതാണ് ഷോവനിസമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന സംസ്ഥാനത്തെ രണ്ടാംതര പൗരന്‍മാരായി പരിഗണിക്കുന്നതും എഇന്‍പി എന്ന വിഷം കഴിക്കാന്‍ വിസമ്മതിക്കുന്നതിനാല്‍ ന്യായമായ വിഹിതം നിഷേധിക്കുന്നതും ഷോവനിസം ആണെന്ന് സ്റ്റാലിന്‍ പറഞ്ഞു.

എന്തെങ്കിലും അടിച്ചേല്‍പ്പിക്കുന്നത് ശത്രുതയെ വളര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. ശത്രുത ഏകത്വത്തിന് ഭീഷണിയാണ്. അതിനാല്‍ തങ്ങളുടെ സവിശേഷാവകാശങ്ങള്‍ സ്വാഭാവികമായി ലഭിച്ചതാണെന്നും നമ്മുടെ പ്രതിരോധം രാജ്യദ്രോഹമാണെന്നും വിശ്വസിക്കുന്ന ഹിന്ദി ഭ്രാന്തമാരാണ് യഥാര്‍ത്ഥ ഷോവനിസ്റ്റുകളും ദേശവിരുദ്ധരമുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ കറന്‍സി നോട്ടില്‍ എഴുതിയിട്ടുള്ള എല്ലാ ഭാഷകളും ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കാന്‍ എന്തുകൊണ്ട് മടിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.





#Daily
Leave a comment