TMJ
searchnav-menu
post-thumbnail

PHOTO: FACEBOOK

TMJ Daily

എറണാകുളത്ത് ഡെങ്കിപ്പനി രൂക്ഷമാകുന്നു; പ്രതിദിന രോഗികളുടെ എണ്ണത്തിലും വര്‍ധനവ് 

15 Dec 2023   |   2 min Read
TMJ News Desk

റണാകുളത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നത് രൂക്ഷമാകുന്നു. പ്രതിദിനം 35 ഓളം പേര്‍ക്ക് ഡെങ്കിപ്പനി ബാധിക്കുന്നതായാണ് കണക്കുകള്‍ പറയുന്നത്. കൊച്ചി കോര്‍പ്പറേഷന്‍, കളമശേരി മേഖലകളിലാണ് ഡെങ്കിപ്പനി വ്യാപകമായിരിക്കുന്നത്. 

നവംബര്‍ 16 മുതല്‍ ഡിസംബര്‍ 10 വരെ 730 പേര്‍ക്കാണ് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ചത്. ഓരോ ആഴ്ചയിലും 250 ന് മുകളിലാണ് രോഗബാധിതര്‍.  ഇക്കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ കളമശേരിയില്‍ മാത്രം 100 ലധികം പേരാണ് ഡെങ്കിപ്പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. 

കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ തമ്മനം, വെണ്ണല, കലൂര്‍, കരുവേലിപ്പടി, ഫോര്‍ട്ടുകൊച്ചി, പൊന്നുരുന്നി എന്നിവിടങ്ങളിലാണ് ഡെങ്കി ബാധിതരില്‍ ഏറെയും. കാക്കനാട്, ഗോതുരുത്ത്, ചിറ്റാറ്റുകര, ചൂര്‍ണിക്കര, കുമ്പളങ്ങി, എടത്തല, ബിനാനിപുരം, വടവുകോട്, കാലടി, വരാപ്പുഴ എന്നിവിടങ്ങളിലും കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. 

പ്രതിരോധം ഒരുക്കണം

കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ഡെങ്കിപ്പനി കേസുകളെക്കാള്‍ ഇത്തവണ വര്‍ധനവുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വൈറസില്‍ സ്വാഭാവികമായി സംഭവിക്കുന്ന ജനിതക മാറ്റമാണ് ഇതിന് കാരണമായി കണക്കാക്കുന്നത്. വീടിനകത്തും പുറത്തും കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കുക, ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈ ഡേ ആചരിക്കുക, സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ പൊതു ഇടങ്ങള്‍ വൃത്തിയാക്കുക എന്നിങ്ങനെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി പാലിക്കപ്പെടേണ്ടതാണ്. 

ഈഡിസ് ഈജിപ്തി കൊതുകുകളില്‍ നിന്ന് പകരുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഈഡിസ് കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ് മനുഷ്യരെ കടിക്കുക. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് മൂന്നു മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കഠിനമായ തലവേദന, പനി, ശരീരവേദന ഇവയാണ് രോഗ ലക്ഷണങ്ങള്‍. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവന്‍ വരെ അപകടത്തിലാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. 

സംസ്ഥാനത്ത് പടരുന്നത് ടൈപ്പ് ത്രീ ഡെങ്കിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കേരളത്തില്‍ ജൂണ്‍ മാസം മാത്രം 2,93,424 പേര്‍ക്കാണ് പനി ബാധിച്ചത്. ജനുവരി ഒന്നു മുതല്‍ ജൂണ്‍ 28 വരെ സംസ്ഥാനത്ത് 3,409 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും മുന്‍വര്‍ഷങ്ങളെക്കാള്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 

കാലാവസ്ഥാ വ്യതിയാനവും വില്ലന്‍ 

കാലാവസ്ഥാ വ്യതിയാനം മൂലം കൊതുകു പരത്തുന്ന ചിക്കന്‍ഗുനിയ, മഞ്ഞപ്പിത്തം, സിക്ക, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ അതിവേഗം പടരുന്നതായി ലോകാരോഗ്യ സംഘടന നേരത്തെ (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നല്‍കിയിരുന്നു. വര്‍ധിച്ചു വരുന്ന താപനിലയും മണ്‍സൂണ്‍ കാലവും കൊതുകുകള്‍ക്ക് അനുയോജ്യമായ പ്രജനന സാഹചര്യം സൃഷ്ടിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. ഡെങ്കിപ്പനി ഈ വര്‍ഷം ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ കനത്ത നാശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബംഗ്ലാദേശില്‍ റെക്കോര്‍ഡ് മരണം രേഖപ്പെടുത്തിയപ്പോള്‍ നേപ്പാളിന്റെ വിവിധ ഭാഗങ്ങളിലും രോഗം സ്ഥിരീകരിച്ചു. 

ഈ വര്‍ഷം ആദ്യം മുതലെ ലോകമെമ്പാടും ഏറ്റവും വേഗത്തില്‍ പടര്‍ന്നു പിടിച്ച ഉഷ്ണമേഖലാ രോഗമായി ഡെങ്കിപ്പനി മാറിയതായി ഡബ്യുഎച്ച്ഒ പറഞ്ഞു. കൃത്യമായ പ്രതിരോധ നടപടികളുടെ അഭാവമാണ് ഡെങ്കിപ്പനി പടരാന്‍ ഇടയാക്കുന്നതെന്ന് ധാക്കയിലെ ജഹാംഗീര്‍ സര്‍വകലാശാലയിലെ എന്റമോളജിസ്റ്റും സുവോളജി പ്രൊഫസറുമായ കബീറുല്‍ ബാഷര്‍ പറഞ്ഞു. 

കനത്ത മഴയും മഞ്ഞുമലകള്‍ ഉരുകുന്നതുമാണ് ഡെങ്കിപ്പനിയുടെ വ്യാപനത്തിന് പിന്നിലെ മറ്റൊരു പ്രധാന കാരണമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി, ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് റിസര്‍ച്ച് ഉപദേഷ്ടാവ് മുഹമ്മദ് മുഷ്തഖ് ഹുസൈന്‍ പറയുന്നത്.


#Daily
Leave a comment