PHOTO: WIKI COMMONS
ബംഗ്ലാദേശിനെ വിടാതെ ഡെങ്കിപ്പനി; മൂന്നുലക്ഷം പേര്‍ക്ക് രോഗം ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍
ബംഗ്ലാദേശില്‍ ഈ വര്‍ഷം ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം മൂന്നുലക്ഷം കടന്നെന്ന് റിപ്പോര്‍ട്ടുകള്‍. ഭയാനകമായ രീതിയിലാണ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. രോഗം ബാധിച്ച് ഇതുവരെ മരിച്ചത് 1,549 പേരാണ്. 4,949 രോഗികള്‍ രാജ്യത്തെ പല ആശുപത്രികളിലായി നിലവില്‍ ചികിത്സയില്‍ കഴിയുന്നു. ഡയറക്ടറേറ്റ്് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഓഗസ്റ്റില്‍ 71,976, സെപ്റ്റംബറില്‍ 79,598, ഒക്ടോബറില്‍ 67,769, നവംബറില്‍ 30,080 ഡെങ്കി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 1,291 കേസുകളാണ്. മണ്‍സൂണ്‍ നീണ്ടുനില്‍ക്കുന്നതും താപനില ഉയരുന്നതും ഈഡിസ് ഈജിപ്തി കൊതുകുകളുടെ വര്‍ധനവ് തടയാന്‍ സാധിക്കാത്തതുമാണ് ഡെങ്കിപ്പനിയുടെ വ്യാപനത്തിന് കാരണം എന്നാണ് അധികൃതര്‍ പറയുന്നത്. നവംബറില്‍ മാത്രം ബംഗ്ലാദേശില്‍ 201 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
താളംതെറ്റി ആശുപത്രികള്‍
ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടിയില്‍ അധികം രോഗബാധിതരാണ് ഇത്തവണ ബംഗ്ലാദേശില്‍ ഉണ്ടായത്. രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും ഗുരുതരമായ ഡെങ്കി വ്യാപനമാണിതെന്ന് അധികൃതര്‍ പറയുന്നു. ശക്തമായ മണ്‍സൂണ്‍ മഴയ്ക്കു പിന്നാലെ ഡെങ്കി വൈറസ് വാഹകരായ കൊതുകുകള്‍ കെട്ടിക്കിടക്കുന്ന ജലത്തിലൂടെ പെരുകിയതും ജനസാന്ദ്രത കൂടിയ ബംഗ്ലാദേശില്‍ രോഗവ്യാപനത്തിന്റെ തോതുയര്‍ത്തി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി 2000 മുതല്‍ ഡെങ്കി വ്യാപനത്തിന്റെ തോത് രാജ്യത്ത് ഉയരുകയാണ്. നിലവില്‍ പടരുന്ന ഡെങ്കി വൈറസ് വ്യാപനശേഷി കൂടിയതാണെന്നും പറയപ്പെടുന്നു. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കുന്നുണ്ട്. ഒപ്പം രോഗികള്‍ക്ക് മതിയായ ചികിത്സ ഉറപ്പുവരുത്താനും കഴിയുന്നില്ല. നാഷണല്‍ സെന്റര്‍ ഫോര്‍ വെക്ടര്‍ ബോണ്‍ ഡിസീസസ് കണ്‍ട്രോള്‍ ഡാറ്റ പ്രകാരം ലോകത്ത് കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത് ബംഗ്ലാദേശിലായിരുന്നു. ശക്തമായ പനി, തലവേദന, ഓക്കാനം, ഛര്‍ദി, പേശി വേദന എന്നിവയാണ് ഡെങ്കിയുടെ ലക്ഷണങ്ങള്‍. ഏറ്റവും ഗുരുതരമായ സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുന്ന രക്തസ്രാവം മരണത്തിനും കാരണമായേക്കും.
കാലാവസ്ഥാ വ്യതിയാനവും വില്ലന്‍
കാലാവസ്ഥാ വ്യതിയാനം മൂലം കൊതുകു പരത്തുന്ന ചിക്കന്‍ഗുനിയ, മഞ്ഞപ്പിത്തം, സിക്ക, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ അതിവേഗം പടരുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വര്‍ധിച്ചു വരുന്ന താപനിലയും മണ്‍സൂണ്‍ കാലവും കൊതുകുകള്‍ക്ക് അനുയോജ്യമായ പ്രജനന സാഹചര്യം സൃഷ്ടിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. ഡെങ്കിപ്പനി ഈ വര്‍ഷം ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ കനത്ത നാശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബംഗ്ലാദേശില്‍ റെക്കോര്‍ഡ് മരണം രേഖപ്പെടുത്തിയപ്പോള്‍ നേപ്പാളിന്റെ വിവിധ ഭാഗങ്ങളിലും രോഗം സ്ഥിരീകരിച്ചു.
ഈ വര്‍ഷം ആദ്യം മുതലെ ലോകമെമ്പാടും ഏറ്റവും വേഗത്തില്‍ പടര്‍ന്നു പിടിച്ച ഉഷ്ണമേഖലാ രോഗമായി ഡെങ്കിപ്പനി മാറിയതായി ഡബ്യുഎച്ച്ഒ വ്യക്തമാക്കിയിട്ടുണ്ട്. കനത്ത മഴയും മഞ്ഞുമലകള്‍ ഉരുകുന്നതുമാണ് ഡെങ്കിപ്പനിയുടെ വ്യാപനത്തിന് പിന്നിലെ മറ്റൊരു പ്രധാന കാരണമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി, ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് റിസര്‍ച്ച് ഉപദേഷ്ടാവ് മുഹമ്മദ് മുഷ്തഖ് ഹുസൈന്‍ ചൂണ്ടിക്കാട്ടി.