TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE

TMJ Daily

ഡെങ്കിപ്പനി പടരുന്നു: കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി രോഗികള്‍; മലയോര മേഖലയും ആശങ്കയില്‍

03 Jul 2023   |   2 min Read
TMJ News Desk

കേരളത്തില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതായി റിപ്പോര്‍ട്ട്. 2022 നെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണം 132 ശതമാനം വര്‍ധിച്ചു. ഇക്കഴിഞ്ഞ ആറു മാസത്തിനിടെയാണ് കണക്കുകളില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് പടരുന്നത് ടൈപ്പ് ത്രീ ഡെങ്കിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഈ മാസവും അടുത്ത മാസവും തീവ്ര രോഗവ്യാപനമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കേരളത്തില്‍ ജൂണ്‍ മാസം മാത്രം 2,93,424 പേര്‍ക്കാണ് പനി ബാധിച്ചത്. ജനുവരി ഒന്നു മുതല്‍ ജൂണ്‍ 28 വരെ സംസ്ഥാനത്ത് 3,409 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും മുന്‍വര്‍ഷങ്ങളെക്കാള്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

പ്രതിരോധം ഒരുക്കണം

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ഡെങ്കിപ്പനി കേസുകളെക്കാള്‍ ഇത്തവണ വര്‍ധനവുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വൈറസില്‍ സ്വാഭാവികമായി സംഭവിക്കുന്ന ജനിതക മാറ്റമാണ് ഇതിന് കാരണമായി കണക്കാക്കുന്നത്. മഴ, അന്തരീക്ഷത്തില്‍ വരുന്ന മാറ്റങ്ങള്‍ തുടങ്ങിയവയാണ് ജൂണ്‍, ജൂലൈ മാസങ്ങളിലെ പകര്‍ച്ചപ്പനിയുടെ പ്രധാന കാരണം. കൂടാതെ മഴക്കാലപൂര്‍വ ശുചീകരണം കാര്യക്ഷമമല്ലാത്തതും തിരിച്ചടിയാകുന്നുണ്ട്. വീടിനകത്തും പുറത്തും കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കുക, ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈ ഡേ ആചരിക്കുക, സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ പൊതു ഇടങ്ങള്‍ വൃത്തിയാക്കുക എന്നിങ്ങനെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി പാലിക്കപ്പെടേണ്ടതാണ്. 

സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യം, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ സംയുക്ത യോഗവും നടന്നിരുന്നു. രോഗങ്ങള്‍ക്കെതിരെ തദ്ദേശ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ബോധവത്ക്കരണം ശക്തമാക്കണമെന്ന് യോഗത്തില്‍ തീരുമാനിച്ചു. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കാനും ധാരണയായി. 

ഈഡിസ് ഈജിപ്തി കൊതുകുകളില്‍ നിന്ന് പകരുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഈഡിസ് കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ് മനുഷ്യരെ കടിക്കുക. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് മൂന്നു മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കഠിനമായ തലവേദന, പനി, ശരീരവേദന ഇവയാണ് രോഗ ലക്ഷണങ്ങള്‍. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവന്‍ വരെ അപകടത്തിലാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. 

സംസ്ഥാനത്തു 138 ഡെങ്കിപ്പനി ബാധിത മേഖലകള്‍ ആരോഗ്യവകുപ്പ് കണ്ടെത്തി. കൊതുകുകളുടെ സാന്നിധ്യവും രോഗബാധയും ഏറ്റവും കൂടുതലുള്ള മേഖലകളാണു തരംതിരിച്ചിട്ടുള്ളത്. കോഴിക്കോട്, കൊല്ലം ജില്ലകളിലാണ് ഏറ്റവുമധികം ഹോട്‌സ്‌പോട്ടുകള്‍ ഉള്ളത്. 20 വീതം ഹോട്‌സ്‌പോട്ടുകള്‍ ഉണ്ട്. ഈ പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രതയ്ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. 

ഭീതിയില്‍ മലയോര മേഖലയും

കോഴിക്കോട് കുറ്റ്യാടിയിലും പത്തനംതിട്ട സീതത്തോട് മലയോര പ്രദേശങ്ങളും ഡെങ്കിപ്പനിയുടെ ആശങ്കയിലാണ്. മരുതോങ്കര, കായക്കൊടി, കാവിലുംപാറ മേഖലകളിലെ ഗവണ്‍മെന്റ് ആരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലുമായി നിരവധി പേര്‍ ചികിത്സ തേടി എത്തുന്നതായാണ് റിപ്പോര്‍ട്ട്. പനി ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ ഗവണ്‍മെന്റ് ആശുപത്രികള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രികളിലും രോഗികളുടെ തിരക്കേറുകയാണ്. കിഴക്കന്‍ മേഖലകളിലെ ആദിവാസി ഊരുകളിലും പനി ബാധിതരുടെ എണ്ണം കൂടി വരികയാണ്. മെയ് മാസം മുതല്‍ തന്നെ ആദിവാസി മേഖലകളിലെ സ്ഥിതി വഷളായി തുടങ്ങിയിരുന്നു. 

ആന്റിബയോട്ടിക്‌സ് ഉപയോഗവും കൂടി 

സംസ്ഥാനത്ത് പനി പടരുന്നതോടെ ആന്റി ബയോട്ടിക്കുകളുടെ വില്‍പനയില്‍ വന്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. ഡോക്ടറുടെ കുറിപ്പടികള്‍ ഇല്ലാതെതന്നെയാണ് മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നും ആളുകള്‍ മരുന്നുകള്‍ വാങ്ങുന്നത്. ആന്റി ബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം രോഗാണുക്കള്‍ക്ക് മരുന്നുകളുടെമേല്‍ പ്രതിരോധശേഷി നല്‍കുകയും ഇത് പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

രോഗാണുക്കളെ പ്രതിരോധിക്കുന്ന ജീവന്‍ രക്ഷാമരുന്നുകളാണ് ആന്റിബയോട്ടിക്കുകള്‍. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ആന്റിബയോട്ടിക്കുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കേണ്ടതാണ്. ഇവയില്‍ പലതും ഗര്‍ഭസ്ഥ ശിശുവിന്റെയും നവജാത ശിശുവിന്റെയും വളര്‍ച്ചയെയും അവയവ രൂപീകരണത്തെയും പ്രതികൂലമായി ബാധിച്ചേക്കാം.


#Daily
Leave a comment