PHOTO: WIKI COMMONS
പ്രളയസഹായം നിഷേധിച്ചു; കേന്ദ്രത്തിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയില്‍
പ്രളയസഹായം നിഷേധിക്കുന്ന കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍. ഡിസംബറില്‍ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നാശംവിതച്ച പ്രളയത്തില്‍ 37,000 കോടി രൂപ ഉടന്‍ അനുവദിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യമാണ് കേന്ദ്രം നിഷേധിച്ചത്. ഇതിനെതിരെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍ ഹര്‍ജി സമീപിച്ചിരിക്കുന്നത്.
സംസ്ഥാനത്തോട് തുടര്‍ച്ചയായി വിവേചനം കാണിക്കുന്നു. ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ഉന്നതതല സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടികള്‍ ഉണ്ടാകുന്നില്ല. ഇടക്കാലാശ്വാസം പോലും കേന്ദ്രം അനുവദിച്ചിരുന്നില്ല. ദുരിതബാധിതരായ തമിഴ് ജനതയുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതായും കേന്ദ്രം ഫണ്ട് നിഷേധിക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം നല്‍കിയ ഹര്‍ജി കഴിഞ്ഞദിവസമാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് കൈമാറിയത്. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ തമിഴ്‌നാടും സുപ്രീംകോടതിയെ സമീപിച്ചത്. വരള്‍ച്ചാ സഹായം നിഷേധിക്കുന്നതിനെതിരെ കര്‍ണാടകയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 131 പ്രകാരം സംസ്ഥാനങ്ങളുടെ അവകാശമാണ് ദുരിതാശ്വാസ ഫണ്ട്.