
ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷ്യയിനങ്ങളുടെ പട്ടികയിൽ കുപ്പിവെള്ളത്തെ ഉൾപ്പെടുത്തി ഭക്ഷ്യസുരക്ഷ വകുപ്പ്
ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷണങ്ങളുടെ പട്ടികയിൽ കുപ്പി വെള്ളത്തെ ഉൾപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേഡ് അതോറിറ്റി ഓഫ് ഇന്ത്യ. അപകട സാധ്യതയുള്ള ഭക്ഷണങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ഉത്പന്നങ്ങൾ നിർബന്ധിത പരിശോധനകൾക്കും ഓഡിറ്റിഗിംനും വിധേയമാക്കേണ്ടതുണ്ട്.
ചില ഭക്ഷ്യ ഉത്പന്നങ്ങളുടെ ബിഐഎസ് പിൻവലിക്കാനുള്ള തീരുമാനം ഒക്ടോബറിൽ ഗവൺമെന്റ് പുറത്തിറക്കിയിരുന്നു. ഇതേ ഉത്തരവിലാണ് കുപ്പിവെള്ളത്തെ ഉയർന്ന അപകട സാധ്യതയുള്ള ഭക്ഷണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. നിലവിൽ വന്ന പുതിയ നിയമം അനുസരിച്ച് പാക്ക് ചെയ്ത എല്ലാ കുടിവെള്ളങ്ങളും നിർമ്മാതാക്കളും വാർഷിക അപകടസാധ്യത പരിശോധനകൾ നടത്തേണ്ടി വരും. ലൈസൻസ്, രജിസ്ട്രേഷൻ എന്നിവ അനുവദിക്കുന്നതിന് മുന്‍പാണ് ഈ പരിശോധനകൾ പൂർത്തിയാക്കേണ്ടി വരിക. ഉയർന്ന അപകട സാധ്യതയുള്ള ഭക്ഷണങ്ങളുടെ അപകട സാധ്യതയും സുരക്ഷയും പരിശോധിക്കുന്നതിന് ആണ് ഈ തീരുമാനം.
എഫ്എസ്എസ്എഐയുടെ ഉത്തരവ് പ്രകാരം ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗങ്ങളുടെ ബിസിനസുകൾ എഫ്എസ്എസ്എഐ അംഗീകരിച്ച മൂന്നാം കക്ഷി ഭക്ഷ്യ സുരക്ഷ ഏജൻസികളുടെ വാർഷിക ഓഡിറ്റിംഗിന് വിധേയമാകേണ്ടതുണ്ട്. ഉപഭോക്താക്കൾക്കായി ഉത്പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുകയാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യം.