
കസ്റ്റഡിയിലെടുത്ത എംപിമാരെ വിട്ടയച്ചു
പ്രതിപക്ഷ എംപിമാർ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് നടത്തിയ മാർച്ചിൽ പോലീസ് കസ്റ്റഡിയിലെടുത്ത എല്ലാ എംപിമാരെയും വിട്ടയച്ചു. ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എംപിമാർ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചത് പോലീസ് തടഞ്ഞതിന് പിന്നാലെയാണ് സംഘർഷം രൂക്ഷമായത്. തുടർന്ന് എംപിമാരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
വോട്ടർ പട്ടിക പരിഷ്കരണത്തിനെ ആരോപിച്ചുള്ള വിഷയത്തിൽ പൊതു നയം രൂപീകരിക്കുന്നതിനായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഇന്ന് എംപിമാരുടെ യോഗം സംഘടിപ്പിക്കും.
ടിഎംസിയുടെ മഹുവ മൊയ്ത്ര, കോൺഗ്രസിൻ്റെ സഞ്ജന ജാതവ്, ജ്യോതിമണി എന്നിവരടങ്ങിയ ചില വനിതാ എംപിമാർ ബാരിക്കേഡുകൾക്ക് മുകളിൽ കയറി തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ 'വോട്ട് ചോരി' എന്ന മുദ്രാവാക്യം വിളിച്ചു. ഇതിൽ ചിലർക്ക് പോലീസ് സംഘർഷത്തിൽ ദേഹാസ്വാസ്ഥ്യമുണ്ടായി.


