
അനധികൃത കുടിയേറ്റക്കാരെ കൈയാമം വച്ചത് തെറ്റ്: കേന്ദ്ര മന്ത്രി
ഇന്ത്യാക്കാരായ അനധികൃത കുടിയേറ്റക്കാരെ യുഎസ് കൈയാമം വച്ച് നാടുകടത്തിയത് തെറ്റാണെന്ന് കേന്ദ്ര മന്ത്രി രാംദാസ് അതാവ്‌ലെ പറഞ്ഞു. യുഎസ് സര്‍ക്കാര്‍ അത് ഒഴിവാക്കണമായിരുന്നുവെന്നും സാമൂഹിക നീതി, ശാക്തീകരണ മന്ത്രി പറഞ്ഞു.
യുഎസ് അനധികൃത ഇന്ത്യന്‍കുടിയേറ്റക്കാരെ സൈനിക വിമാനത്തില്‍ കൈകളിലും കാലുകളിലും വിലങ്ങ് വച്ച് കഴിഞ്ഞയാഴ്ച്ചയാണ് നാടുകടത്തിയത്. ഫെബ്രുവരി 5ന് പഞ്ചാബിലെ അമൃത്സറില്‍ 104 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായുള്ള സൈനിക വിമാനം ലാന്‍ഡ് ചെയ്തു. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നടത്തുന്ന നടപടികളുടെ ഭാഗമായി നാടുകടത്തുന്ന ഇന്ത്യാക്കാരുടെ ആദ്യ സംഘമാണ് കഴിഞ്ഞയാഴ്ച്ച എത്തിയത്. 18,000ത്തോളം ഇന്ത്യാക്കാരാണ് നാടുകടത്തല്‍ പട്ടികയില്‍ ഉള്ളത്.
യാത്രയിലുടനീളം തങ്ങളുടെ കൈകാലുകളില്‍ വിലങ്ങ് ഉണ്ടായിരുന്നുവെന്നും അമൃത്സറില്‍ എത്തിയശേഷം മാത്രമാണ് വിലങ്ങ് അഴിച്ചതെന്നും യാത്രക്കാര്‍ പറഞ്ഞു.
അതാവ്‌ലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (എ) തലവനാണ്. അടുത്ത ആഴ്ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദര്‍ശിക്കുമ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
അനധികൃത കുടിയേറ്റക്കാരെ വിലങ്ങുവച്ച് തിരിച്ച് അയക്കുന്നതിനെതിരെയുള്ള ആശങ്ക യുഎസിനെ അറിയിച്ചുവെന്ന് കഴിഞ്ഞ ദിവസം ഇന്ത്യ പറഞ്ഞിരുന്നു.