
കാലാവസ്ഥ പ്രവർത്തനങ്ങളിൽ പങ്ക് ചേരാൻ വികസിത രാജ്യങ്ങൾ വിമുഖത കാണിക്കുന്നു; ആശങ്ക ഉന്നയിച്ച് ഇന്ത്യ
കാലാവസ്ഥ പ്രവർത്തനങ്ങളിൽ പങ്ക് ചേരാൻ വികസിത രാജ്യങ്ങൾ വിമുഖത കാണിക്കുന്നതിൽ ആശങ്ക ഉന്നയിച്ച് ഇന്ത്യ. അസർബൈജാനിലെ ബാക്കുവിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയിലാണ് വികസിത രാജ്യങ്ങളോട് സാമ്പത്തികമായും സാങ്കേതികവുമായും കാലാവസ്ഥ പ്രവർത്തനങ്ങളിൽ സംഭാവന ചെയ്യണമെന്നും ഇന്ത്യ ആവശ്യപ്പെട്ടത്. ഗ്രീൻഹൗസ് ഗ്യാസ് എമിഷനിൽ വികസിത രാജ്യങ്ങളെല്ലാം തന്നെ സംഭാവന ചെയ്യുന്നുണ്ടെന്നും എന്നാൽ എന്തുകൊണ്ടാണ് ഈ രാജ്യങ്ങൾ കാലാവസ്ഥ പ്രവർത്തനങ്ങളിൽ പങ്കു ചേരാത്തതെന്ന് മനസിലാവുന്നില്ലെന്നും മിറ്റിഗേഷൻ വർക്ക് പ്രോഗ്രാമിന്റെ (എംഡബ്ലുപി) സമാപന പ്ലീനറിയിൽ ഇന്ത്യൻ പ്രതിനിധികൾ പറഞ്ഞു.
നിർണ്ണായകമായ സാഹചര്യങ്ങളിൽ വികസിത രാജ്യങ്ങൾ പ്രതികരിക്കുന്നില്ല. കാലാവസ്ഥ വ്യതിയാനത്തിൽ നിന്നുള്ള അതിഗുരുതരമായ ആഘാതങ്ങളാണ് ലോകം ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ആഘാതങ്ങളോട് പൊരുത്തപ്പെടാനോ, ഈ സാഹചര്യങ്ങളിൽ നിന്ന് കരകയറാനുള്ള ശേഷിയോ ഈ രാജ്യങ്ങൾക്കില്ല. ഇന്ത്യയുടെ ലീഡ് നെഗോഷ്യേറ്റർ നിലേഷ് ഷാ വ്യക്തമാക്കി.
ഓരോ രാജ്യത്തിന്റെയും പ്രത്യേക ആവശ്യങ്ങളും സാഹചര്യങ്ങളും അടിസ്ഥാനമാക്കി കാലാവസ്ഥ ലക്ഷ്യങ്ങൾ സ്ഥാപിക്കുന്നതിൽ ഓരോ രാജ്യത്തിന്റെയും പരമാധികാരത്തെ മാനിച്ചു കൊണ്ട് ഒരു പിന്തുണ സംവിധാനമായാണ് എംഡബ്ലുപി പ്രവർത്തിക്കേണ്ടതെന്ന് നിലേഷ് ഷാ പറഞ്ഞു.
പ്രവർത്തനങ്ങൾ നടപ്പിലാക്കാനുള്ള ശരിയായ പിന്തുണയോ സാമ്പത്തിക സഹായമോ, സാങ്കേതികവിദ്യയോ, ശേഷി വർധിപ്പിക്കലോ, ഇല്ലാതെ വികസ്വര രാജ്യങ്ങൾക്കോ ദരിദ്ര രാജ്യങ്ങൾക്കോ ഗ്രീൻ ഹൗസ് ഗ്യാസ് എമിഷൻ കുറയ്ക്കാൻ സാധിക്കില്ല. കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വെല്ലുവിളികൾ വർധിച്ച് വരുമ്പോൾ നമുക്ക് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കാലാവസ്ഥ നടപടികളെക്കുറിച്ച് നമ്മൾ എങ്ങനെ ചർച്ച ചെയ്യുമെന്ന സംശയവും ഇന്ത്യൻ നെഗോഷ്യേറ്റർ ഉന്നയിച്ചു.
വികസിത രാജ്യങ്ങൾക്ക് കാലാവസ്ഥ പ്രവർത്തനങ്ങൾക്കുള്ള എല്ലാ സംവിധാനങ്ങളുമുണ്ടായിരുന്നിട്ടും പദ്ധതികൾ നടപ്പാക്കുന്നതിൽ വിമുഖത കാണിക്കുകയും ആഗോള കാർബൺ ബജറ്റിന്റെ ഭൂരിഭാഗം ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
വികസിത രാജ്യങ്ങൾ കാർബൺ ബജറ്റ് കുറവ് വരുത്തുന്നു ഇവ മൂലമുണ്ടാവുന്ന കാലാവസ്ഥ പ്രത്യാഘാതങ്ങൾ വികസ്വര രാജ്യങ്ങളാണ് അനുഭവിക്കേണ്ടി വരുന്നത്. ലഘൂകരണ ശ്രമങ്ങളിലും നടപ്പാക്കൽ പിന്തുണ നൽകുന്നതിലും വികസിത രാജ്യങ്ങൾ പരാജയപ്പെട്ടുവെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.


