TMJ
searchnav-menu
post-thumbnail

TMJ Daily

ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി

04 Dec 2024   |   1 min Read
TMJ News Desk

ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി ആകും. നിയമസഭാകക്ഷി യോഗത്തിലാണ് ഫഡ്നാവിസിനെ തിരഞ്ഞെടുത്തത്. മൂന്നാം തവണയാണ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാവുന്നത്. ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ മഹായുതി സഖ്യ സര്‍ക്കാര്‍ ഈ മാസം അഞ്ചിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

നിയമസഭയിലേക്ക് വിജയിച്ച ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ കേന്ദ്രനിരീക്ഷകരായി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവര്‍ സംബന്ധിച്ചു. നിയമസഭാകക്ഷിയോഗത്തിന് മുമ്പായി ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ഫഡ്‌നാവിസിന്റെ പേരിന് അന്തിമ അംഗീകാരം നല്‍കിയിരുന്നു. മഹായുതി നേതാക്കള്‍ ഇന്ന് വൈകീട്ട് 3.30ന് ഗവര്‍ണര്‍ സി പി രാധാകൃഷ്ണനെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്ന് ബിജെപി നേതാവ് സുധീര്‍ മുന്‍ഗാതിവര്‍ പറഞ്ഞു. 

2014 മുതല്‍ 2019 വരെയാണ് ഫഡ്‌നാവിസ് മുഖ്യമന്ത്രിയായിരുന്നത്. 2019 മുതല്‍ 2022 വരെ മഹാരാഷ്ട്ര പ്രതിപക്ഷ നേതാവായിരുന്നു. 2013 മുതല്‍ 2015 വരെ ബിജെപി സംസ്ഥാന പ്രസിഡന്റുമായിരുന്നിട്ടുണ്ട്. 2019ല്‍ മഹാരാഷ്ട്രയിലുണ്ടായ രാഷ്ട്രീയനാടകത്തിനൊടുവില്‍ അഞ്ചുദിവസം മുഖ്യമന്ത്രിയായിരുന്നു. ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ മഹായുതി സര്‍ക്കാരില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായിരുന്നു.

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ 288 അംഗ അസംബ്ലിയില്‍ 230 സീറ്റാണ് മഹായുതി സഖ്യം നേടിയത്. ബിജെപി 132 സീറ്റുകളില്‍ വിജയിച്ചു. സംസ്ഥാന ചരിത്രത്തിൽ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഏറ്റവും വലിയ നേട്ടമാണിത്. ശിവസേന ഏക്നാഥ് ഷിന്‍ഡെ പക്ഷം 57 സീറ്റുകളും എന്‍സിപി അജിത് പവാര്‍ പക്ഷം 41 സീറ്റും നേടി. മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തിയെങ്കിലും ശിവസേനയുമായുള്ള തർക്കത്തെത്തുടർന്നാണ് സർക്കാർ രൂപീകരണം നീണ്ടു പോയത്.


#Daily
Leave a comment