ധാരാലി പ്രളയം: കുടുങ്ങിയ 28 മലയാളികളും സുരക്ഷിതർ
ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ കുടുങ്ങിയ 28 മലയാളികളും സുരക്ഷിതരെന്ന് ഔദ്യോഗിക സ്ഥിരീകരണം. അപകടം ഉണ്ടായ സ്ഥലത്തിന് 4 കിലോമീറ്റർ അകലെ ഗംഗോത്രിക്ക് സമീപമാണ് ഇവർ കുടുങ്ങിക്കിടക്കുന്നത്. അവർ സുരക്ഷിതരാണെന്നും റോഡുകൾ ബ്ലോക്കായതിനാൽ തിരികെ മടങ്ങാനുള്ള ബുദ്ധിമുട്ട് മാത്രമാണുള്ളതെന്നും മലയാളി സമാജം പ്രസിഡന്റ് ദിനേശ് വ്യക്തമാക്കി.
ഉത്തരകാശിയിലേക്ക് ടൂർ പോയ കേരളത്തിൽ നിന്നുള്ള എട്ട് പേരും മുംബൈയിൽ നിന്നുള്ള മലയാളികളായ 20 പേരുമാണ് സംഘത്തിലുള്ളത്.
ധാരാലിയിൽ കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ദുരന്തത്തിൽ റോഡുകൾ തകർന്നതോടെ കാൽനട ആയിട്ടാണ് രക്ഷാപ്രവർത്തകർ അവിടേക്ക് എത്തുന്നത്. കൂടുതൽ രക്ഷാപ്രവർത്തകരെ വ്യോമമാർഗം ഇവിടേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. കാണാതായ 9 സൈനികരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. ഹിമാചലിലെ കിനൌറിലും മേഘവിസ്ഫോടനത്തെ തുടർന്ന് പ്രളയസാഹചര്യമാണ്.
നിലവിൽ എത്രപേരെയാണ് കാണാതായിരിക്കുന്നതെന്ന് വ്യക്തമല്ല. നിരവധി ആളുകളെ ഇതിനോടകം രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.


