
ധർമ്മസ്ഥല: വിസിൽബ്ലോവർ അറസ്റ്റിൽ
കർണ്ണാടകയിലെ ധർമ്മസ്ഥല ക്ഷേത്രവുമായി ബന്ധപ്പെട്ട ഒന്നിലധികം സ്ഥലങ്ങളിൽ ഡസൻ കണക്കിന് മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുണ്ടെന്ന് ആരോപിച്ച പ്രധാന വിസിൽബ്ലോവറെ ഓഗസ്റ്റ് 23 ശനിയാഴ്ച കർണാടക പോലീസ് അറസ്റ്റ് ചെയ്തു. തെറ്റായ തെളിവുകൾ നൽകി പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) തെറ്റിദ്ധരിപ്പിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ധർമ്മസ്ഥല ക്ഷേത്ര ഭരണസമിതിയിലെ മുൻ ശുചീകരണ തൊഴിലാളിയായ പ്രതിയെ രാത്രി മുഴുവൻ ചോദ്യം ചെയ്തതിന് ശേഷം രാവിലെ 6 മണിക്ക് കസ്റ്റഡിയിലെടുത്തു. തെളിവായി അദ്ദേഹം നേരത്തെ ഹാജരാക്കിയ തലയോട്ടി വ്യാജമാണെന്ന് പോലീസ് വെളിപ്പെടുത്തി. ഇത് കള്ളസാക്ഷ്യം നൽകിയതിനും തെറ്റായ വിവരങ്ങൾ നൽകിയതിനും കുറ്റം ചുമത്താൻ കാരണമായി.
അറസ്റ്റിലായ വിസിൽബ്ലോവറെ വൈകുന്നേരം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് അധികൃതർ സ്ഥിരീകരിച്ചു. കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ്, പതിവ് വൈദ്യപരിശോധനയ്ക്കായി അദ്ദേഹത്തെ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി.
1998നും 2014നും ഇടയിൽ സ്ത്രീകളും പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെ 70- 80 മൃതദേഹങ്ങൾ കുഴിച്ചിട്ടതായി പരാതിക്കാരൻ അവകാശപ്പെട്ട 15 സ്ഥലങ്ങൾ എസ്‌ഐടി ഇതുവരെ പരിശോധിച്ചു. പക്ഷെ, ആറാമത്തെ സ്ഥലത്തുനിന്ന് ഒരു പുരുഷൻ്റെ അസ്ഥികൂട അവശിഷ്ടങ്ങൾ മാത്രമേ കണ്ടെടുത്തിട്ടുള്ളൂ, ഇത് അദ്ദേഹത്തിൻ്റെ അവകാശവാദങ്ങളെ പറ്റി ഗുരുതരമായ സംശയം ജനിപ്പിച്ചു.
ഇന്ത്യാ ടുഡേ ടിവിയുമായി നേരത്തെ ഒരു പ്രോഗ്രാമിൽ, ഐഡന്റിറ്റി മറച്ചുവെച്ച വിസിൽബ്ലോവർ തൻ്റെ ആരോപണങ്ങൾ ന്യായീകരിച്ചു. വർഷങ്ങളായുള്ള മണ്ണൊലിപ്പ്, വനവളർച്ച അല്ലെങ്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ കാരണം നിരവധി ശ്മശാന സ്ഥലങ്ങൾ അപ്രത്യക്ഷമായിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. പട്ടാപ്പകൽ ശവസംസ്കാരം നടത്തുന്നത് നാട്ടുകാർ കണ്ടിട്ടുണ്ടെന്നും എന്നാൽ ഇടപെടാൻ അവർ ഒരുക്കമായിരുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു
ധർമ്മസ്ഥല ക്ഷേത്രത്തിൻ്റെ പ്രശസ്തിക്ക് കളങ്കം വരുത്താൻ ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു: "ക്ഷേത്രത്തിൻ്റെ പേര് കളങ്കപ്പെടുത്തുന്നതിലൂടെ എനിക്ക് എന്ത് നേട്ടമുണ്ടാകും? ഞാൻ ഒരു ഹിന്ദുവാണ്. പട്ടികജാതിയിൽ നിന്നുള്ളയാളാണ്."
വ്യാപകമായ പൊതുജന- മാധ്യമശ്രദ്ധ ആകർഷിച്ച, ഇതിനകം വിവാദപരമായ കേസിൽ ഈ അറസ്റ്റോടെ കൂടുതൽ സങ്കീർണ്ണമായി.
സുജാത ഭട്ട് ആദ്യം പറഞ്ഞത് നിഷേധിക്കുന്നു
2003ൽ തൻ്റെ മകൾ അനന്യ ഭട്ടിനെ കാണാതായതുമായി ബന്ധപ്പെട്ട് ജൂലൈ 15ന് ആദ്യമായി പോലീസിൽ പരാതി നൽകിയ സുജാത ഭട്ട് എന്ന സ്ത്രീ ഇപ്പോൾ താൻ പറഞ്ഞ കാര്യം "വ്യാജമാണെന്നും അത് സത്യമല്ലെന്നും" പറഞ്ഞു. ഒരു "സ്വത്ത് പ്രശ്‌നം" കാരണം ആക്ടിവിസ്റ്റുകൾ ആ കഥ സൃഷ്ടിക്കാൻ സമ്മർദ്ദം ചെലുത്തിയതായി അവർ ആരോപിച്ചു.
"അത് ശരിയല്ല. അനന്യ ഭട്ട് എന്ന പേരിൽ ഒരു മകൾ ഉണ്ടായിരുന്നില്ല," അവർ ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞു. തൻ്റെ "മകളുടെ" അസ്തിത്വത്തിൻ്റെ തെളിവായി പങ്കിട്ട ഫോട്ടോയും "പൂർണ്ണമായും വ്യാജമാണ്" എന്ന് കൂട്ടിച്ചേർത്തു. പ്രശസ്ത ആക്ടിവിസ്റ്റുകളായ ഗിരീഷ് മട്ടന്നവർ, ടി ജയന്തി എന്നിവർ തന്നോട് കഥ കെട്ടിച്ചമയ്ക്കാൻ ആവശ്യപ്പെട്ടതായി അവർ അവകാശപ്പെട്ടു.
"ചിലർ എന്നോട് അത് പറയാൻ പറഞ്ഞു. സ്വത്ത് പ്രശ്നം കൊണ്ടാണ് എന്നോട് അത് ചെയ്യാൻ ആവശ്യപ്പെട്ടത്. അതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്." ധർമ്മസ്ഥല ക്ഷേത്ര അധികാരികളുടെ കൈവശം ഉണ്ടായിരുന്നതായി ആരോപിക്കപ്പെടുന്ന സ്വത്ത് തൻ്റെ മുത്തച്ഛൻ്റെ ഉടമസ്ഥതയിലായിരുന്നു.
"എന്നിൽ നിന്ന് ആരും പണം ആവശ്യപ്പെട്ടിട്ടില്ല. ഞാൻ ആരോടും പണം ആവശ്യപ്പെട്ടിട്ടില്ല. എൻ്റെ ഒപ്പില്ലാതെ എൻ്റെ മുത്തച്ഛൻ്റെ സ്വത്ത് എങ്ങനെ നൽകിയെന്ന് ഞാൻ ചോദിച്ചു. അത് മാത്രമാണ് ഞാൻ ചോദിച്ചത്," അവർ കൂട്ടിച്ചേർത്തു.
സാമ്പത്തിക ആവശ്യങ്ങൾക്കായി ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ലെന്ന് അവർ ഊന്നിപ്പറഞ്ഞു. "കർണാടകയിലെ ജനങ്ങൾക്ക് വേണ്ടി, ധർമ്മസ്ഥലയിലെ ഭക്തർക്ക് വേണ്ടി... ഈ സംസ്ഥാനത്തെ ജനങ്ങളോടും, മുഴുവൻ രാജ്യത്തോടും എന്നോട് ക്ഷമിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു... എനിക്ക് ഒരിക്കലും പണം ആവശ്യമില്ലായിരുന്നു," സുജാത ഭട്ട് പറഞ്ഞു.


