
ഏറ്റവും വേഗമേറിയ പന്ത് മുഹമ്മദ് സിറാജ് എറിഞ്ഞോ? യാഥാർത്ഥ്യം ഇതാണ്
ഓസീസ് പേസ് ബൗളർ മിച്ചേൽ സ്റ്റാർക്ക് ഇന്ത്യൻ ബാറ്റിങ് നിരയുടെ നടുവൊടിച്ച പ്രകടനം കാഴ്ച്ചവച്ച ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയുടെ പേസ് ബൗളർ മുഹമ്മദ് സിറാജ് ഏതാനും നിമിഷത്തേക്ക് താരമായി. ഓസ്‌ട്രേലിയയുടെ 25-ാം ഓവറിൽ സിറാജ് എറിഞ്ഞ ഒരു പന്ത് മണിക്കൂറിൽ 181.6 കിലോമീറ്റർ വേഗത്തിൽ പാഞ്ഞുവെന്ന് വേഗം അളക്കുന്ന യന്ത്രം രേഖപ്പെടുത്തി. ആ പന്തിനെ മാർനസ് ലബുസ്‌ഷെയ്ൻ ബൗണ്ടറി കടത്തിയിരുന്നു. എന്നാൽ, സ്‌ക്രീനിൽ രേഖപ്പെടുത്തിയ വേഗം സാങ്കേതികമായ തെറ്റാണെന്ന് കാണികൾ തിരിച്ചറിഞ്ഞു.
നിലവിൽ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ റെക്കോർഡ് പാകിസ്ഥാന്റെ ഷോയബ് അക്തറിനാണ്. 2003ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ അക്തർ മണിക്കൂറിൽ 161.3 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞു.
മണിക്കൂറിൽ 150 കിലോമീറ്റർ വേഗം അനവധി ബൗളർമാർ കൈവരിച്ചിട്ടുണ്ട്. ബ്രട്ട് ലീയും ഷോൺ ടെയ്റ്റും അടക്കം. ഇരുവരും മണിക്കൂറിൽ 161.1 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞിട്ടുണ്ട്. വേഗമേറിയ പന്തെറിഞ്ഞവരുടെ പട്ടികയിൽ ആദ്യ പത്തിൽ ഒരു ഇന്ത്യാക്കാരനാണ് ഉള്ളത്. മുഹമ്മദ് സാമി. മണിക്കൂറിൽ 156.4 കിലോമീറ്റർ.