കൊച്ചി വിമാനത്താവളത്തില്‍ ഭിന്നശേഷിക്കാരനായ അധ്യാപകനോട് മോശം പെരുമാറ്റം; സിഐഎസ്എഫ് അന്വേഷിക്കും
കൊച്ചി വിമാനത്താവളത്തില്‍ ഭിന്നശേഷിക്കാരനായ മലയാളി അധ്യാപകനോട് മോശമായി പെരുമാറിയ സംഭവത്തില്‍ സിഐഎസ്എഫ് അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ ഹന്‍സ്‌രാജ് കോളേജിലെ ചരിത്രവിഭാഗം അധ്യാപകനായ ജസ്റ്റിന്‍ മാത്യുവിനാണ് യാത്രക്കിടെ മോശം അനുഭവം ഉണ്ടായത്. ശസ്ത്രക്രിയക്കു ശേഷം കാലില്‍ ലോഹദണ്ഡ് ഘടിപ്പിച്ച അധ്യാപകന്റെ ഷൂസ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍. പരിശോധനയ്ക്ക് ശേഷം മാത്രമെ കയറ്റിവിടൂ എന്ന് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധം പിടിച്ചതോടെ യാത്ര തുടരാന്‍ അധ്യാപകന് ബുദ്ധിമുട്ട് നേരിട്ടു. നിന്നുകൊണ്ട് ഷൂസ് അഴിച്ചുമാറ്റാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനെത്തി ജസ്റ്റിനെ മുറിയില്‍ കൊണ്ടുപോയി ഷൂസ് അഴുച്ചുമാറ്റി പരിശോധന തുടരുകയായിരുന്നു.
ശാരീരിക പരിമിതികളുള്ളവരെ സുരക്ഷാ പരിശോധനയുടെ പേരില്‍ ബുദ്ധിമുട്ടിക്കരുതെന്ന പ്രത്യേക നിര്‍ദേശങ്ങള്‍ നിലനില്‍ക്കെയാണ് ഇത്തരമൊരു സംഭവമുണ്ടായിരിക്കുന്നതെന്ന് നാഷണല്‍ പ്ലാറ്റ്‌ഫോം ഫോര്‍ ദി റൈറ്റസ് ഓഫ് ഡിസേബിള്‍ വിമര്‍ശിച്ചു. സുരക്ഷാ പരിശോധനയില്‍ നിന്നും ഒഴിവാക്കണമെന്നതല്ല ആവശ്യമെന്നും ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ശാരീരിക പരിമിതികളുള്ളവരുടെ ദേഹപരിശോധ നടത്തുകയാണ് വേണ്ടതെന്നും നാഷണല്‍ പ്ലാറ്റ്‌ഫോം ഫോര്‍ ദി റൈറ്റസ് ഓഫ് ഡിസേബിള്‍ ജനറല്‍ സെക്രട്ടറി മുരളീധരന്‍ പറഞ്ഞു. ഭിന്നശേഷിക്കാരോട് പെരുമാറുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ പരിശീലനം നല്‍കണമെന്നും ജനറല്‍ സെക്രട്ടറി സൂചിപ്പിച്ചു.