
ഗാസയോടുള്ള ഐക്യദാർഢ്യമായി 'ഡിജിറ്റൽ സൈലൻസ്’
ഗാസയിൽ നടക്കുന്ന ആക്രമണങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും എതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് 'ഡിജിറ്റൽ സൈലൻസ്' പ്രക്ഷോഭം ആരംഭിച്ചു.‘സൈലൻസ് ഫോർ ഗാസ’ എന്ന പേരിൽ നടക്കുന്ന പ്രചാരണത്തിൻ്റെ ഭാഗമായി, ദിവസവും രാത്രി 9 മുതൽ 9.30 വരെ മൊബൈൽ ഫോണുകൾ, കംപ്യൂട്ടറുകൾ എന്നിവ പൂർണ്ണമായും ഓഫാക്കി 30 മിനിറ്റ് ഡിജിറ്റൽ മൗനം പാലിക്കണം എന്ന് ഗാസയിലെ മെഡിക്കൽ ഡോക്ടർ എസ്സിദീൻ സമൂഹ മാധ്യമമായ എക്സിലൂടെ അഭ്യർഥിച്ചു. ഈ സമയത്ത് സോഷ്യൽ മീഡിയ ഉപയോഗം, മെസ്സേജിങ്, ലൈക്ക് , കമന്റ് എന്നിവ പൂർണ്ണമായും ഒഴിവാക്കണം. ഇത് സമൂഹമാധ്യമ ആൽഗോരിതങ്ങളിൽ മാറ്റങ്ങൾ സൃഷ്ടിക്കുകയും, ലോകമാകെയുള്ള ഐക്യദാർഢ്യത്തിൻ്റെ ശക്തമായ സന്ദേശം നൽകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതികമായി ഈ മൗനം സമൂഹമാധ്യമങ്ങൾക്കുള്ള റിയൽ ടൈം ട്രാഫിക് ഡാറ്റയിൽ മാറ്റമുണ്ടാക്കുന്നതോടൊപ്പം ഗാസയിലെ നിർബന്ധിതമായ നിശബ്ദതയ്ക്കൊപ്പം ലോകം 30 മിനിറ്റ് നിശബ്ദമാകുമ്പോൾ, അതിൻ്റെ സാമൂഹികവും സാങ്കേതികവുമായ ആഘാതം വലിയ പ്രതീക്ഷകളാണ് ഉളവാക്കുന്നത്. ഈ പ്രക്ഷോഭം, രാഷ്ട്രീയ തലത്തിൽ മാറ്റത്തിന് വഴിവെയ്ക്കും എന്നതാണ് പ്രതീക്ഷ. നിരന്തരം നടക്കുന്ന കൂട്ടകൊലകൾക്കിടയിൽ ഇതുപോലൊരു പ്രക്ഷോഭത്തിന് എന്ത് മാറ്റം കൊണ്ടുവരാം എന്നത് നോക്കി കാണേണ്ടതാണ്.


