നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; ഹാഷ് വാല്യു മാറിയത് അന്വേഷിക്കും
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കേസില്‍ അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് അനുകൂല നടപടി. എറണാകുളം ജില്ല സെഷന്‍സ് ജഡ്ജിക്ക് അന്വേഷണം നടത്താമെന്നും ആവശ്യമെങ്കില്‍ പോലീസിന്റെയോ മറ്റ് ഏജന്‍സികളുടെയോ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി. ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ജസ്റ്റിസ് കെ ബാബു ഉത്തരവിട്ടു.
വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ചത് ആരാണെന്നു കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നായിരുന്നു നടിയുടെ ആവശ്യം. ഇത് അംഗീകരിച്ച കോടതി പരാതിയുണ്ടെങ്കില്‍ അതിജീവിതയ്ക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും അറിയിച്ചു.
കുറ്റക്കാരെ കണ്ടെത്തണം
ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ പ്രൊസീജിയര്‍ ആക്ട് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും തെളിവുകള്‍ സീല്‍ ചെയ്ത് സൂക്ഷിക്കണമെന്നും ആവശ്യമെങ്കില്‍ ലോക്കര്‍ ഉപയോഗിക്കാമെന്നും കോടതി പറഞ്ഞു.
2022 ല്‍ അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. 2018 ജനുവരി ഒമ്പതിനും 13 നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായും ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വിചാരണക്കോടതിയില്‍ സമര്‍പ്പിച്ച മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് ഗുരുതരമായ വിഷയമാണെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ചും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ദൃശ്യങ്ങള്‍ സ്വകാര്യതയെ ബാധിക്കും
ആരെങ്കിലും ദൃശ്യം പരിശോധിക്കുമ്പോഴാണ് ഹാഷ് വാല്യു മാറുന്നതെന്നും കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങള്‍ ആരോ പരിശോധിച്ചെന്നും അതിജീവിത ഹര്‍ജിയില്‍ ആരോപിക്കുന്നു. അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പുറത്തുപോകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും അതിജീവിത കോടതിയെ അറിയിച്ചു. മെമ്മറി കാര്‍ഡ് പരിശോധിച്ചത് മൗലികാവകാശമായ സ്വകാര്യതയുടെ ലംഘനമാണെന്നായിരുന്നു അതിജീവിതയ്ക്കുവേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഗൗരവ് അഗര്‍വാളിന്റെ വാദം.
അതിജീവിതയുടെ വാദങ്ങളെയും ആവശ്യത്തെയും സര്‍ക്കാരും ഹൈക്കോടതിയില്‍ പിന്തുണച്ചു. എന്നാല്‍ കേസ് നീട്ടിക്കൊണ്ടുപോകാനാണ് അതിജീവിത ശ്രമിക്കുന്നതെന്നായിരുന്നു കേസില്‍ പ്രതിയായ ദിലീപിന്റെ ആരോപണം. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. ദിലീപിന്റെ ഹര്‍ജി തള്ളിയ കോടതി ദിലീപ് എന്തിനാണ് നടിയുടെ വാദത്തെ എതിര്‍ക്കുന്നതെന്നും ചോദിച്ചിരുന്നു.