REPRESENTATIONAL IMAGE | WIKI COMMONS
ഗാസയില്‍ രോഗങ്ങള്‍ പടരുന്നു, മാനുഷിക സഹായമെത്തുന്നതില്‍ 56 ശതമാനം വരെ കുറവ്
ഏപ്രില്‍ മുതല്‍ ഗാസയിലേക്ക് മാനുഷിക സഹായമെത്തുന്നതിന്റെ അളവ് 56 ശതമാനം വരെ കുറഞ്ഞതായി യുഎന്‍ ഹ്യൂമനിറ്റേറിയന്‍ അഫയേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ പട്ടിണി രൂക്ഷമാവുകയാണെന്നും രോഗങ്ങള്‍ പടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രോഗങ്ങള്‍ പടരുന്നു
പോഷകാഹാരക്കുറവും നിര്‍ജ്ജലീകരണവും മൂലം സെന്‍ട്രല്‍ ഗാസയിലെ ദേര്‍ എല്‍ ബാലയിലെ അല്‍-അഖ്‌സ ആശുപത്രിയില്‍ ഒരു കുട്ടി കൂടി മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വടക്കന്‍ ഗാസയില്‍ നിര്‍ജ്ജലീകരണം മൂലം 28 കുട്ടികളടക്കം 32 പേര്‍ ഏപ്രിലില്‍ മരിച്ചതായി ഗാസ ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശുചിത്വ ഉല്‍പന്നങ്ങളുടെ അഭാവത്തില്‍ ഗാസയില്‍ ത്വക്ക് രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതായി യുഎന്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. കിഴക്കന്‍ ഖാന്‍ യൂനിസില്‍ ഉണ്ടായ ആക്രമണത്തില്‍ നൂറിലധികം പേര്‍ രക്ഷപ്പെടാനാകാതെ കുടുങ്ങികിടക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനം തുടരാന്‍ സാധിക്കുന്നില്ലെന്നും യുഎന്‍ മാനുഷിക സഹായ ഏജന്‍സി അറിയിച്ചു.
നെതന്യാഹുവിന്റെ അറസ്റ്റ് വാറന്റ് ചോദ്യം ചെയ്യില്ലെന്ന് യുകെ
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനുള്ള അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യില്ലെന്ന് യുകെ ലേബര്‍ സര്‍ക്കാര്‍ വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ നിലപാടില്‍ നിന്നും വിരുദ്ധമാണ്് കെയര്‍ സ്റ്റാര്‍മര്‍ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന്റെ നിലപാട്. ഗാസയ്‌ക്കെതിരായ യുദ്ധത്തില്‍ ഇസ്രയേല്‍ യുദ്ധക്കുറ്റം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഐസിസി ചീഫ് പ്രോസിക്യൂട്ടര്‍ കരീം ഖാന്‍ മെയ് മാസത്തിലാണ് അറസ്റ്റ് വാറന്റിന് ആവശ്യപ്പെടുന്നത്.