PHOTO : WIKI COMMONS
സെന്തില്‍ ബാലാജി കേസില്‍ മദ്രാസ് ഹൈക്കോടതിയുടെ ഭിന്നവിധി
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ കേസില്‍ മദ്രാസ് ഹൈക്കോടതിയില്‍ ഭിന്നത. സെന്തില്‍ ബാലാജിയെ വിട്ടയയ്ക്കണമെന്ന് ഡിവിഷന്‍ ബെഞ്ചിലെ ഒരു ജഡ്ജി വിധി പ്രസ്താവിച്ചപ്പോള്‍ രണ്ടാമത്തെ ജഡ്ജി വിയോജിപ്പ് രേഖപ്പെടുത്തി. ഭിന്ന വിധിയെത്തുടര്‍ന്ന് കേസ് വിശാല ബെഞ്ച് പരിഗണിക്കും. സെന്തില്‍ ബാലാജിയെ അന്യായ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് ഭാര്യ ഹര്‍ജി നല്‍കിയത്. ഭാര്യയുടെ ഹര്‍ജിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയ ജസ്റ്റിസ് നിഷ ഭാനു സെന്തില്‍ ബാലാജിയെ വിട്ടയയ്ക്കണമെന്ന് ഉത്തരവിട്ടു. എന്നാല്‍ ബെഞ്ചിലെ രണ്ടാമത്തെ അംഗമായ ജസ്റ്റിസ് ഡി ഭരത ചക്രവര്‍ത്തി ഇതിനോടു വിയോജിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്ന മൂന്നംഗ ബെഞ്ച് ആകും ഇനി കേസ് പരിഗണിക്കുക.
മന്ത്രിയുടെ അറസ്റ്റ് നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്നും രാഷ്ട്രീയ കാരണങ്ങളാല്‍ തിടുക്കപ്പെട്ടാണ് അറസ്റ്റ് ചെയ്തതെന്നും ഹര്‍ജിക്കാരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഗത്തി നേരത്തെ വാദിച്ചു. സിആര്‍പിസിയില്‍ പറഞ്ഞിട്ടുള്ള നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഇഡിക്ക് അറസ്റ്റിനുള്ള അധികാരമുണ്ടെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടിയത്.
അറസ്റ്റിനു പിന്നില്‍
2023 ജൂണ്‍ 14 നാണ് തമിഴ്‌നാട് മന്ത്രിയായിരുന്ന സെന്തില്‍ ബാലാജിയെ അഴിമതി ആരോപണം ആരോപിച്ച് ഇ.ഡി അറസ്റ്റ് ചെയ്തത്. ഗതാഗത വകുപ്പ് മന്ത്രിയായ സെന്തില്‍ ജോലി വാഗ്ദാനം നല്‍കി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങി എന്നതായിരുന്നു ആരോപണം. ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് സെന്തില്‍ ബാലാജി പണം കൈപ്പറ്റിയെന്നും, സംസ്ഥാന ഗതാഗത സ്ഥാപനങ്ങളിലെ മാനേജിംഗ് ഡയറക്ടറുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയതായും ഇ.ഡി യുടെ റിമാന്‍ഡ് നോട്ടില്‍ പറയുന്നു. അറസ്റ്റിനെ തുടര്‍ന്ന് ബാലാജിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീടിതുവരെ ആശുപത്രി വിശ്രമത്തിലാണ് സെന്തില്‍. ഹൃദയശസ്ത്രക്രിയയ്ക്കുശേഷം ഇപ്പോള്‍ ചെന്നൈ കാവേരി ആശുപത്രിയില്‍ വിശ്രമത്തിലാണ്.
ബി.ജെ.പിയുടെ ഇലക്ഷന്‍ തന്ത്രം
മന്ത്രി സെന്തില്‍ ബാലാജിയുടെ അറസ്റ്റില്‍ ബിജെപിയെ ശക്തമായി വിമര്‍ശിച്ച് ഡിഎംകെയും സഖ്യകക്ഷികളും ഇതിന് മുന്‍പ് എത്തിയിരുന്നു. 2024 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാവിപ്പാര്‍ട്ടിക്കെതിരെ ദേശീയ മുന്നണി കെട്ടിപ്പടുക്കാനുള്ള തീരുമാനത്തെ അട്ടിമറിക്കാനും ഡിഎംകെയെ ഭീഷണിപ്പെടുത്താനുമാണ് ബിജെപി ശ്രമിക്കുന്നത് എന്ന് ഡിഎംകെയും സഖ്യകക്ഷികളും ആരോപണം ഉന്നയിച്ചിരുന്നു. സെന്തില്‍ ബാലാജിക്കെതിരെ കേസ് എടുത്തതോടെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പ്രതിഷേധമായി മുന്നോട്ട് വന്നിരുന്നു. കോയമ്പത്തൂരില്‍ കണ്ട ഐക്യം എല്ലായിടത്തും വ്യാപിപ്പിക്കുകയും കള്ളങ്ങളാല്‍ നിര്‍മിതമായ ബിജെപിയുടെ പ്രതിച്ഛായയുടെ അടിത്തറ ഇളക്കുമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറസ്സറ്റിനെ തുടര്‍ന്ന് ട്വീറ്റ് ചെയ്തിരുന്നു.
ഇന്ത്യയിലുടനീളമുള്ള പ്രതിപക്ഷ ഐക്യം ബിജെപിയുടെ സ്വേച്ഛാധിപത്യത്തിന്റെ പെട്ടിയില്‍ അടിക്കുന്ന അവസാന ആണിയായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. എതിര്‍ കക്ഷികളെയെല്ലാം ഇ.ഡിയെ ഉപയോഗിച്ച് കേസില്‍ കുടുക്കാനോ സ്വന്തം ചേരിയില്‍ എത്തിക്കാനോ ഉള്ള ശ്രമം ബി.ജെ.പി നടത്തുന്നുണ്ടെന്നുള്ള ആരോപണം പരക്കെ നിലനില്‍ക്കുന്നുണ്ട്. സ്വന്തം മണ്ഡലമായ അരവക്കുറിച്ചിയിലും സമീപ മണ്ഡലങ്ങളിലും വളരെയധികം ജനപിന്തുണയുള്ള നേതാവു കൂടിയാണ് ബാലാജി. ആയതിനാല്‍ ഇദ്ദേഹം അറസ്റ്റിലാകുന്നതിലൂടെ തിരഞ്ഞെടുപ്പ് നേട്ടം കൈവരിക്കാന്‍ സാധിക്കുമെന്നും ബി.ജെ.പി കരുതുന്നു.