TMJ
searchnav-menu
post-thumbnail

TMJ Daily

ദുരിതാശ്വാസനിധി വകമാറ്റല്‍: ലോകായുക്ത ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി

29 May 2023   |   2 min Read
TMJ News Desk

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്‌തെന്ന കേസില്‍ ലോകായുക്ത ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് വിഷയം മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്ത നടപടി സ്‌റ്റേ ചെയ്യണമെന്ന ആവശ്യമാണ് കോടതി നിരാകരിച്ചത്. തിരുവനന്തപുരം നേമം സ്വദേശി ആര്‍എസ് ശശികുമാര്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് എസ്‌വി ഭട്ടിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ജൂണ്‍ ഏഴിലേക്കു മാറ്റി. ജൂണ്‍ ആറിനാണ് ലോകായുക്ത ഫുള്‍ ബെഞ്ച് കേസ് പരിഗണിക്കുന്നത്.

ഫുള്‍ ബെഞ്ചിനു വിട്ട വിധിക്കെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയും തള്ളിയ സാഹചര്യത്തിലാണ് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. അടിസ്ഥാനമില്ലാത്തതും ദുര്‍ബലവുമായ വാദമാണ് ഹര്‍ജിക്കാരന്‍ ഉയര്‍ത്തിയതെന്നു ചൂണ്ടിക്കാട്ടിയാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അടങ്ങിയ രണ്ടംഗ ബെഞ്ച് ഹര്‍ജി തള്ളിയത്.

വിശ്വാസത്തെ തകര്‍ക്കുന്ന നിലപാട്

ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്നാരോപിച്ച് മുഖ്യമന്ത്രിയെയും 17 മന്ത്രിമാരെയും എതിര്‍കക്ഷികളാക്കി ലോകായുക്തയില്‍ ഫയല്‍ ചെയ്ത ഹര്‍ജി മൂന്നംഗ ഫുള്‍ ബെഞ്ചിന് വിട്ട ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം മുഖേനയാണ് പരാതിക്കാരന്‍ ഹര്‍ജി സമര്‍പ്പിച്ചത്.

വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തി, ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വാദം കേട്ട ശേഷം വീണ്ടും ലോകായുക്തയുടെ മൂന്നംഗ ബെഞ്ചിന് വിടുന്ന ലോകായുക്താ നിലപാട് നിയമവിരുദ്ധമാണെന്നും, ജനങ്ങള്‍ക്ക് ലോകായുക്തയിലുള്ള വിശ്വാസം ഇല്ലാതാക്കുമെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. അതിനാല്‍ വാദംകേട്ട ലോകായുക്ത ഡിവിഷന്‍ ബെഞ്ച് തന്നെ ഹര്‍ജിയില്‍ ഉത്തരവ് പറയാന്‍ നിര്‍ദേശം നല്‍കണമെന്നു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

എന്‍സിപി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയറായി ജോലിക്ക് പുറമെ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കിയതിനെതിരെയാണ് ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച സിവില്‍ പോലീസ് ഓഫീസറുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പുറമെ 20 ലക്ഷം രൂപ നല്‍കിയതും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്ത സാഹചര്യത്തില്‍ തുക മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തവരില്‍ നിന്നു തിരികെ പിടിക്കണമെന്നും അവരെ അയോഗ്യരായി പ്രഖ്യാപിക്കണം എന്നുമാണു കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ് ശശികുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. 

2022 ഫെബ്രുവരി അഞ്ചിന് ലോകായുക്തയില്‍ വാദം ആരംഭിച്ച ഹര്‍ജിയില്‍ മാര്‍ച്ച് 18നാണ് വാദം പൂര്‍ത്തിയായത്. ഒരു വര്‍ഷം പിന്നിട്ടിട്ടും വിധി വൈകിയതിനാല്‍ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് 2023 മാര്‍ച്ച് 31 ന് വിഷയം ലോകായുക്തയുടെ മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു.

ഒരുതവണ മൂന്നംഗ ബെഞ്ച് പരിഗണിച്ച് തീരുമാനമെടുത്ത വിഷയം വീണ്ടും മൂന്നംഗ ബെഞ്ചിന് വിടുന്നത് ഉചിതമല്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. മൂന്നംഗ ബെഞ്ച് ജൂണ്‍ ആറിന് പരിഗണിക്കുമെന്നതിനാല്‍ ലോകായുക്തയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിയിലെ ഇടക്കാല ആവശ്യം. എന്നാല്‍, ഹൈക്കോടതി ഇത് അനുവദിച്ചില്ല. വിശദമായ വാദം കേള്‍ക്കാനായി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഏഴിലേക്കു മാറ്റി.


#Daily
Leave a comment