
ദിവ്യ പിണറായിക്ക് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥ: കെ മുരളീധരന്‍
സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ പുകഴ്ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ഐഎഎസ് ഉദ്യോഗസ്ഥയായ ദിവ്യ എസ് അയ്യര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ദിവ്യ മുഖ്യമന്ത്രി പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണെന്ന് മുരളീധരന്‍ പറഞ്ഞു.
'കര്‍ണന് പോലും അസൂയ തോന്നും വിധം ഈ കെകെആര്‍ കവചം. ഇക്കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നില്‍ നിന്നും വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാന്‍ സാധിച്ച അനവധി ഗുണങ്ങള്‍ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം. കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂട്,' എന്ന് ദിവ്യ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു.
ദിവ്യ എകെജി സെന്ററില്‍ നിന്നല്ല ശമ്പളം വാങ്ങുന്നതെന്ന് ഓര്‍ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ ഘടകം പറഞ്ഞിരുന്നു. താന്‍ പറഞ്ഞത് സ്വന്തം അനുഭവത്തില്‍ നിന്നുള്ള കാര്യമാണെന്നും ഒരാളെക്കുറിച്ച് നല്ലത് പറയുന്നതിന് എന്തിനാണ് മടിക്കുന്നത് എന്ന് ദിവ്യ യൂത്ത് കോണ്‍ഗ്രസിന് മറുപടി നല്‍കിയിരുന്നു.
അതേസമയം, സര്‍ക്കാര്‍ ഉദ്യോസ്ഥയെന്ന നിലയ്ക്ക് സര്‍ക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കുന്നതില്‍ തെറ്റില്ലെന്ന് ദിവ്യയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കെ എസ് ശബരീനാഥന്‍ പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ നിയമനം ലഭിച്ച ഒരാളെ അഭിനന്ദിച്ചത് അതുപോലെയല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ നേതാക്കളെ പുകഴ്ത്തിയോ വിമര്‍ശിച്ചോ എഴുതുന്നതിനോട് യോജിപ്പില്ലെന്നും ശബരീനാഥന്‍ പറഞ്ഞു.